സ്വന്തം ലേഖകന്‍: പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തം; രാജ്യം സ്തംഭിച്ചു. റെയില്‍വെ തൊഴിലാളികളുടെ പണിമുടക്കില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സമരത്തെ തുടര്‍ന്ന് 87 ശതമാനം അതിവേഗ ട്രെയിനുകളും 80 ശതമാനം സാധാരണ സര്‍വീസുകളും റദ്ദാക്കി. സമരത്തില്‍ 77 ശതമാനം ട്രെയിന്‍ ഡ്രൈവര്‍മാരും 48 ശതമാനം ജീവനക്കാരും പങ്കെടുത്തു.
അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കമുള്ള ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ഉപയോഗിച്ച് തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ അനുവാദം നല്കുന്ന ബില്ല് നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. പുതിയ വിപണികള്‍ കണ്ടെത്താന്‍ കമ്പനികളെ സഹായിക്കുന്ന തരത്തിലാണ് തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയത്.
ഈ നിയമത്തിനെതിരെ പതിനായിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി ഫ്രഞ്ച് തെരുവുകളില്‍ ഇറങ്ങിയത്. ഇതോടെ പാരിസ് അടക്കമുള്ള നഗരങ്ങള്‍ സ്തംഭിച്ചു. ഭൂരിഭാഗം ട്രെയിനുകളും ഓടിയില്ല. നിരവധി വിമാനങ്ങളും റദ്ദാക്കി. ആയിരങ്ങള്‍ പങ്കെടുത്ത കൂറ്റന്‍ പ്രതിഷേധറാലികളാണ് ഫ്രാന്‍സില്‍ ഉടനീളം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല