പ്രകൃതി നല്കിയ സൌന്ദര്യത്തെ കാത്തുസൂക്ഷിക്കുക എന്നതാണു പ്രമാണം. അതു ലംഘിക്കുന്നവര്‍ ശിക്ഷ അനുഭവിച്ചേ മതിയാകൂ. ഫ്രാന്‍സിലെ 30,000 സ്ത്രീകളാണു ചെയ്ത തെറ്റിനു ശിക്ഷ അനുഭവിക്കുന്നത്. സ്വന്തം ശരീരസൌന്ദര്യം കൃത്രിമമായി വര്‍ധിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ഇപ്പോള്‍ വെട്ടിലാണ്.
സ്തനസൌന്ദര്യം വര്‍ധിപ്പിക്കാന്‍ നടത്തിയ സിലിക്കോണ്‍ പിടിപ്പിക്കല്‍ വിദ്യയാണ് അവര്‍ക്കു വിനയായത്. അതുമൂലം കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ വരുമെന്ന പ്രചാരണവും ശക്തമായപ്പോള്‍ സ്ത്രീകള്‍ വിരണ്ടുപോയി. സ്ത്രീകള്‍ പ്രത്യേകിച്ചും ഏറ്റവും ഭയക്കുന്ന രോഗങ്ങളിലൊന്നാണു സ്തനാര്‍ബുദം.
സിലിക്കോണ്‍ ഇംപ്ളാന്റ് രംഗത്തെ ലോകപ്രശസ്ത ഫ്രഞ്ച് കമ്പനിയായ പോളി ഇംപ്ളാന്റ് പ്രോതീസ് (പിഐപി) സ്വന്തം രാജ്യത്തെ വനിതകളുള്‍പ്പെടെ ലോകമെമ്പാടുമുള്ള മൂന്നുലക്ഷം വനിതകള്‍ക്കാണു സ്തനസൌന്ദര്യം വര്‍ധിപ്പിച്ചു നല്കിയത്. സിലിക്കോണ്‍ പിടിപ്പിച്ച എട്ടു പേര്‍ക്കു സ്തനാര്‍ബുദം പിടിപെട്ടതോടെ സ്ത്രീകളില്‍ ഭീതി തുടങ്ങി. ഇവരിലൊരാള്‍ ഈയിടെ മരിച്ചതോടെ ഭീതി കൊടുമുടി കയറി.
ഫ്രാന്‍സില്‍ ശസ്ത്രക്രിയ നടത്തി സിലികോണ്‍ പിടിപ്പിച്ച സ്ത്രീകളില്‍ ചിലര്‍ക്കു സ്തനങ്ങളില്‍ നീരും ചൊറിച്ചിലും ബാധിച്ചതോടെ ഇതേപ്പറ്റി ഗവേഷണം നടത്താന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി. ഫ്രാന്‍സില്‍ മാത്രമല്ല, ബ്രിട്ടനിലും പരിശോധന കൊണ്ടുപിടിച്ചു.
എന്നാല്‍, കാന്‍സറിനു കാരണമായി ഇതിനെ കൃത്യമായി കണ്െടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍ സ്ത്രീകളെ സഹായിക്കാന്‍ തീരുമാനിച്ചു. ശരീരത്തില്‍ ചേര്‍ത്ത സിലിക്കോണ്‍ എടുത്തുകളയുന്നതിനു വീണ്ടും ശസ്ത്രക്രിയ നടത്താനായി സര്‍ക്കാര്‍ പെണ്ണുങ്ങള്‍ക്കു സാമ്പത്തികസഹായം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഇതിനായുള്ള ചെലവു കേട്ടാല്‍ ഞെട്ടും – 400 കോടി രൂപയിലേറെ!
വ്യാവസായിക നിലവാരത്തിലുള്ള സിലിക്കോണ്‍ ആണു സ്തനങ്ങളില്‍ ഒരു പ്രത്യേക ജെല്ലിനൊപ്പം ശസ്ത്രക്രിയയിലൂടെ പിടിപ്പിക്കുന്നത്.
കംപ്യൂട്ടര്‍ മുതല്‍ പാചക ഉപകരണങ്ങള്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന താരതമ്യേന മൃദുവായ ലോഹമാണു സിലിക്കോണ്‍. കഴിഞ്ഞവര്‍ഷം ആദ്യമാണു പിഐപി കമ്പനി ഇതു വിപണിയിലിറക്കിയത്. ഒറ്റ വര്‍ഷത്തിനുള്ളില്‍ ലക്ഷം വനിതകള്‍ സിലിക്കോണ്‍ ഉപയോഗിച്ചു സ്തന സൌന്ദര്യം വര്‍ധിപ്പിച്ചുവെന്നു കമ്പനി അവകാശപ്പെടുന്നു. ഈവര്‍ഷം കൂടിയാകുമ്പോള്‍ മൂന്നുലക്ഷം പേര്‍ സിലിക്കോണിന് അടിമകളാകുമത്രെ.
ലാറ്റിന്‍ അമേരിക്ക, ബ്രസീല്‍, അര്‍ജന്റീന, ബ്രിട്ടന്‍, ജര്‍മനി, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളാണു കൂടുതലും ഇതിനു വിധേയരായവര്‍. എന്നാല്‍, കാന്‍സര്‍ വരുമെന്നു പേടിച്ചു ഫ്രഞ്ച് സര്‍ക്കാരിന്റെ മാര്‍ഗം സ്വീകരിക്കാന്‍ തയാറല്ലെന്നു ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. അലക്സാന്‍ഡ്ര ബ്ളാഷറാണ് പിഐപി ഇംപ്ളാന്റ് ഉപയോഗക്കാരുടെ സംഘടനയുടെ ഫ്രാന്‍സിലെ പ്രസിഡന്റ്.
അതേസമയം, വിപണിയില്‍ വളരെ വിലക്കുറവുള്ളതും അതേസമയം, നിലവാരം കുറഞ്ഞതുമായ സിലിക്കോണ്‍ ആണ് പിഐപി കമ്പനി ഉപയോഗിച്ചതെന്ന് ആരോപണമുണ്ട്. ഇതുമൂലം ബ്രിട്ടനില്‍ ഇതേവരെ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും കമ്പനിയെ കോടതി കയറ്റുമെന്നു പെണ്ണുങ്ങള്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. എന്നാല്‍, ആര്‍ക്കെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണമെന്നു ബ്രിട്ടീഷ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ഡേവീസ് അറിയിച്ചു.
ഫ്രാന്‍സില്‍ രണ്ടായിരം പേര്‍ കേസ് കൊടുത്തിട്ടുണ്ട്. ഇന്ത്യയിലും ഒരുവിഭാഗം വനിതകള്‍ സിലികോണ്‍ പിടിപ്പിക്കല്‍ നടത്തിവരുന്നുണ്ട്. പ്രത്യേകിച്ചും സിനിമാനടികള്‍ക്കിടയിലാണ് ഇതു വ്യാപകമായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല