സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ സൂപ്പര്‍ മാര്‍ക്കറ്റ് വെടിവെപ്പില്‍ ബന്ദിയായ യുവതിയെ മോചിപ്പിക്കാന്‍ സ്വയം ഇറങ്ങിത്തിരിച്ച പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനിടെ ബന്ദിയെ മോചിപ്പിക്കാന്‍ സ്വയം സന്നദ്ധനായി പകരംപോയതിനെ തുടര്‍ന്ന് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ആര്‍നോഡ് ബെല്‍ട്രേമാണ് മരിച്ചത്.
ഇയാളുടെ ഇടപെടലാണ് ഭീകരനെ വധിക്കുന്നതിന് പൊലീസിനെ സഹായിച്ചത്. ബെല്‍ട്രേമിന്റെ നടപടി അസാധരണ ധീരതയാണെന്നും അദ്ദേഹത്തെ ഫ്രഞ്ച് ജനത എക്കാലവും അനുസ്മരിക്കുമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഐ.എസ് ഭീകരനെന്ന് സ്വയം വിഷേശിപ്പിച്ച 25കാരനായ ലക്ദിം എന്നയാളാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ 16പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമിയുടെ സഹായിയെന്ന് കരുതുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് അക്രമപരമ്പരക്ക് തുടക്കമായത്. ഭീകരന്‍ ഒരാളെ വധിച്ച് കാര്‍ തട്ടിയെടുത്താണ് സൂപ്പര്‍ മാര്‍ക്കറ്റ് ആക്രമണത്തിന് പുറപ്പെട്ടത്. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. വഴിയില്‍ പൊലീസുകാരുടെ സംഘത്തിനുനേരെയും അക്രമി വെടിയുതിര്‍ത്തു. തുടര്‍ന്ന് ട്രീബ്‌സ് പട്ടണത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒരു ഉപഭോക്താവിനെയും ജോലിക്കാരനെയും വധിച്ചശേഷം ഇയാള്‍ മറ്റുള്ളവരെ ബന്ദിയാക്കി.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഒരു സ്ത്രീ ഒഴികെയുള്ള ബന്ദികളെ മോചിപ്പിച്ചു. സ്ത്രീയെ മോചിപ്പിക്കുന്നതിനുപകരമായി ഭീകരന്റെ അടുത്തുപോകാന്‍ ആര്‍നോഡ് ബെല്‍ട്രേം സന്നദ്ധനായി.തുടര്‍ന്നുനടന്ന ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചെങ്കിലും ബെല്‍ട്രേമിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല