1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2011

1984ലെ സിഖ്‌ വിരുദ്ധ കലാപത്തില്‍ ബോളിവുഡ്‌ സൂപ്പര്‍താരം അമിതാഭ്‌ ബച്ചന്‌ പങ്കുണ്ടെന്ന്‌ കാട്ടി മറ്റൊരു സാക്ഷി കൂടി രംഗത്തെത്തിയിരിക്കുന്നു. കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ മഞ്‌ജിത്ത്‌ സിംഗ്‌ സെയ്‌നി എന്ന അമ്പത്തിരണ്ടുകാരനാണ്‌ ബിഗ്‌ ബിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്‌. 1984 ഒക്‌ടോബര്‍ 31 ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിന്‌ മുന്നില്‍വെച്ച്‌ സിഖുകാര്‍ക്കെതിരെ ബച്ചന്‍ പ്രകോപനകരമായ മുദ്രാവാക്യം മുഴക്കുന്നത്‌ താന്‍ കേട്ടതാണെന്നാണ്‌ മഞ്‌ജിത്‌ സിംഗ്‌ പറയുന്നത്‌.

സിഖ്‌ വിരുദ്ധ കലാപ കേസിലെ മുഖ്യ സാക്ഷികളായ ജഗദീഷ്‌ കൗര്‍, ബാബു സിംഗ്‌ ദുഖിയ എന്നിവരും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. എന്നാല്‍ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും, താന്‍ നിരപരാധിയാണെന്നും കാട്ടി അമിതാഭ്‌ ബച്ചന്‍ ഡിസംബര്‍ ഒന്നിന്‌ അധികൃതര്‍ക്ക്‌ ഒരു കത്തയച്ചിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ മഞ്‌ജിത്‌ സിംഗ്‌ സെയ്‌നി ബച്ചനെതിരെ രംഗത്തെത്തിയിരിക്കുന്നത്‌. ഡല്‍ഹി പൊലീസിന്‌ ഇതുസംബന്ധിച്ച്‌ മൊഴി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌ മഞ്‌ജിത്‌ സിംഗ്‌.

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്‌ വടക്കേ ഇന്ത്യയില്‍ സിഖ്‌ വിരുദ്ധ കലാപം അരങ്ങേറിയത്‌. സിഖ്‌ വംശജരെ ആക്രമിക്കാന്‍ അമിതാഭ്‌ ബച്ചന്‍ പ്രേരിപ്പിച്ചു എന്നതാണ്‌ ഇപ്പോള്‍ ഉയരുന്ന വിവാദം. പുതിയ സാക്ഷികള്‍ രംഗത്തെത്തിയതോടെ അമിതാഭ്‌ ബച്ചന്‍ വെട്ടിലായിരിക്കുകയാണ്‌. ചുറ്റും നടക്കുന്ന എന്തിനെക്കുറിച്ചും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന ബിഗ്‌ ബി ഇക്കാര്യത്തെക്കുറിച്ച്‌ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.