സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ബ്രെക്‌സിറ്റ് മാതൃകയില്‍ ഫ്രെക്‌സിറ്റ് വേണമെന്ന ആവശ്യമുയരുന്നു, യൂറോപ്യന്‍ യൂണിയന്റെ ഐക്യം പ്രതിസന്ധിയില്‍? യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനു ബ്രിട്ടനില്‍ നടത്തിയതുപോലെയുള്ള ഹിതപരിശോധന ഫ്രാന്‍സിലും (ഫ്രെക്‌സിറ്റ്)വേണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് തീവ്ര വലതുപക്ഷ നേതാവ് മരീന്‍ ലെപെന്‍ രംഗത്തെത്തി.
നെതര്‍ലന്‍ഡ്‌സില്‍ ഹിതപരിശോധന വേണമെന്ന്(നെക്‌സിറ്റ്) കുടിയേറ്റ വിരുദ്ധ പാര്‍ട്ടി നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്‌സ് പറഞ്ഞു. സ്‌കോട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രണ്ടാമതൊരു ഹിതപരിശോധനയ്ക്കു സാധ്യതയുണ്ടെന്നു സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജിണ്‍ പറഞ്ഞു.
യൂണിയനിലെ വിവിധ രാജ്യങ്ങള്‍ പുറത്തുപോകാനുള്ള ശ്രമം തുടങ്ങുന്നത് ഇയുവിന്റെ ഐക്യത്തെ ബാധിക്കുമെന്ന ആശങ്കയും വ്യാപകമാണ്. ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നതോടെ വിവിധ നേതാക്കളുടെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് ഇയുവിറ്റെ ഭാവി ഇരുളടഞ്ഞതാണെന്നാണ്.
ബ്രെക്‌സിറ്റ് ഫലം യൂറോപ്പിനും യൂറോപ്യന്‍ ഏകീകരണ പ്രക്രിയയ്ക്കും തിരിച്ചടിയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു. ഫലം യൂറോപ്പിനു കടുത്ത പരീക്ഷണമാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദിന്റെ പ്രതികരണം. കൂടുതല്‍ മെച്ചപ്പെട്ട യൂറോപ്പിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ അഭിപ്രായപ്പെട്ടപ്പോള്‍ യൂറോപ്പിനും ബ്രിട്ടനും ദുഃഖദിനമാണ് ഇതെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല