
സ്വന്തം ലേഖകൻ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.
അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു.
എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിട്ടു. കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്.
‘നെന്മേനി വില്ലേജിലും അമ്പലവയല്‍ വില്ലേജിന്റെ ഭാഗങ്ങളിലും 10.20 ഓട് കൂടി ഒരു ശബ്ദമുണ്ടായതായും ചെറിയ വിറയലും ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. രണ്ട് സെക്കന്‍ഡോളം മാത്രമേ ജെര്‍ക്കിങ് ഉണ്ടായിട്ടുള്ളൂ. വീടുകളും കിണറുകളും പരിശോധിച്ചു. വീടുകളില്‍ വിള്ളലുകളോ കിണറുകളെ വെള്ളം കലങ്ങിയതായോ ഉണ്ടായിട്ടില്ല. കിലോമീറ്ററുകളോളം മേഖലയില്‍ ഇത് അനുഭവപ്പെട്ടിട്ടുണ്ട്’ നെന്മേനി വില്ലേജ് ഓഫീസര്‍ സജീന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് മണാശ്ശേരിയിലും കൂടരഞ്ഞിയിലും ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. കൂടരഞ്ഞി കാരാട്ടുപാറ , കരിങ്കുറ്റി ഭാഗങ്ങളിൽ രാവിലെയാണ് ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടത്. ചില വീടുകളുടെ ജനലുകൾ ഇളകിയെന്നും നാട്ടുകാർ പറഞ്ഞു. താമരശ്ശേരി തഹസിൽദാർ ഹരീഷ്, ഡെപ്യൂട്ടി തഹസിൽദാർ രതീഷ്, വില്ലേജ് ഓഫിസർ എൽഫിൻ എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.
വയനാട്, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ പ്രകമ്പനം ഉണ്ടായി എന്ന റിപ്പോർട്ടുകൾക്കിടെ പാലക്കാട് ജില്ലയിലും സമാന പ്രകമ്പനം ഉണ്ടായതായി വിവരം. പാലക്കാട് ഒറ്റപ്പാലം മേഖലയിൽ ഇടിവെട്ടുന്നത് പോലെ ശബ്ദം ഉണ്ടായതായാണ് റിപ്പോർട്ട്.
ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ, വീട്ടാപ്പാറ, ലക്കിടി എന്നീ മേഖലയിലാണ് രാവിലെ 10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു. കോതക്കുറുശ്ശി, വാണിയങ്കുളം, പനയൂർ തുടങ്ങിയ മേഖലകൾ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാൽ ഈ പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി വിവരമില്ല.
ആദ്യം എന്താണ് സംഭവിക്കുന്നത് മനസ്സിലായില്ല. തുടർന്ന് മാധ്യമങ്ങളിൽ കൂടി വയനാട്ടിലെ പ്രകമ്പന വാർത്തകൾ പുറത്തുവന്നതോടെയാണ് ഇതിന്റെ ഭാഗമായിട്ടുള്ള തുടർച്ച ആയിരിക്കാം പാലക്കാടും ഉണ്ടായിട്ടുള്ളത് എന്ന് പ്രദേശവാസികൾ കരുതുന്നത്.
അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. നേരത്തെ വയനാട്, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാലക്കാട് നിന്നും സമാനമായ റിപ്പോർട്ടുകൾ വരുന്നത്.
മലപ്പുറം എടപ്പാളിൽ നിന്നും സമാനമായ ശബ്ദങ്ങൾ കേട്ടതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. തൃശ്ശൂർ അതിർത്തിയോട് ചേർന്ന് കിടക്കുന്ന എടപ്പാൾ ഭാഗത്താണ് ശബ്ദം കേട്ടതായി പ്രദേശവാസി പറയുന്നത്. രാവിലെ 10.30ഓടെയാണ് സംഭവം. വീടിന് മുകളിൽ എന്തോ പതിക്കുന്നതായുള്ള ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികൾ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല