സ്വന്തം ലേഖകന്‍: ഫ്യൂഗോ അഗ്‌നിപര്‍വത സ്‌ഫോടനം, ഗ്വാട്ടിമാലയില്‍ 200 ഓളം പേര്‍ അപ്രത്യക്ഷരായി. ഇരുന്നൂറിലധികം പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയിട്ടുണ്ട്. അതിനിടെ, അഗ്‌നിപര്‍വതം വീണ്ടും സജീവമായതോടെ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വീണ്ടും സ്‌ഫോടനമുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് പ്രദേശത്തുനിന്ന് മുഴുവനാളുകളെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഫ്യൂഗോയില്‍നിന്ന് പുകച്ചുരുളുകള്‍ ഉയരാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സൈന്യവും വിവിധ രക്ഷാപ്രവര്‍ത്തന ഏജന്‍സികളും ദുരിതമേഖലയില്‍ എത്തിയിട്ടുണ്ട്. രാജ്യത്ത് സ്ഥിതി ഗുരുതരമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസും വ്യക്തമാക്കി.
പതിറ്റാണ്ടിനിടെ ഏറ്റവും രൂക്ഷമായ അഗ്‌നിപര്‍വത സ്‌ഫോടനത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. 17 ലക്ഷം ജനങ്ങളെ നേരിട്ടും അല്ലാതെയും ദുരന്തം ബാധിച്ചിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളില്‍ നേരത്തെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനംചെയ്തിട്ടുണ്ട്. ഗ്വാട്ടമാല പ്രസിഡന്റ് ജിമ്മി മോറേല്‍സ് കഴിഞ്ഞ ദിവസം ദുരന്തസ്ഥലം സന്ദര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല