1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2024

സ്വന്തം ലേഖകൻ: 10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതി നടപ്പായി. സഭയിലെ മൃഗീയ ഭൂരിപക്ഷം മുതലാക്കിയാണ് 228ന് എതിരെ 348 വോട്ടുകളുമായി പ്രധാനമന്ത്രി പേയ്‌മെന്റ് പിന്‍വലിക്കാനുള്ള അവകാശം കരസ്ഥമാക്കിയത്.

പ്രായമായ ആളുകള്‍ വിന്ററില്‍ ഹീറ്റിംഗ് ഓണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കോമണ്‍സില്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പിന്‍വലിക്കാനുള്ള നീക്കത്തിന് അംഗീകാരം നേടിയെടുത്തത്.

നീക്കത്തെ എതിര്‍ത്ത് വോട്ട് ചെയ്താല്‍ സസ്‌പെന്‍ഷന്‍ ലഭിക്കുമെന്ന് വിപ്പുമാര്‍ ലേബര്‍ എംപിമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കാന്‍ 50-ഓളം എംപിമാര്‍ സഭയില്‍ ഹാജരായില്ല. ഒരേയൊരു ലേബര്‍ എംപി മാത്രമാണ് തന്റെ എതിര്‍പ്പ് ശക്തമായി രേഖപ്പെടുത്തി വോട്ട് ചെയ്തത്.

ലോര്‍ഡ്‌സില്‍ പദ്ധതിയെ തടഞ്ഞുവെയ്ക്കാന്‍ എതിരാളികള്‍ നീക്കം നടത്തുന്നുണ്ടെങ്കിലും വിന്ററില്‍ ലഭിക്കുന്ന 300 പൗണ്ട് വരെയുള്ള പേയ്‌മെന്റ് പെന്‍ഷന്‍കാര്‍ക്ക് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് മുന്നറിയിപ്പുണ്ട്.

പദ്ധതി നടപ്പായതോടെ മരിക്കും വരെ ജോലി ചെയ്യേണ്ടി വരുമെന്നാണ്‌ മനസ്സ് തകര്‍ന്ന പെന്‍ഷന്‍കാര്‍ ആശങ്കപ്പെടുന്നത്. കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്ത സത്യസന്ധതയാണ് ജനലിലൂടെ പുറംതള്ളപ്പെട്ടതെന്ന് കോമണ്‍സ് ചര്‍ച്ചയില്‍ പങ്കെടുത്ത ഷാഡോ വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു. ലേബര്‍ എംപിമാരോട് സ്വന്തം മനഃസാക്ഷിയോട് ചോദിക്കാനും ഇവര്‍ ആവശ്യപ്പെട്ടു.

വിന്ററില്‍ ഹീറ്റിംഗ് ഓണാക്കാന്‍ മടിച്ച് പെന്‍ഷന്‍കാര്‍ മരിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കവെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ചാന്‍സലര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ വര്‍ഷത്തെ സ്‌റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ തന്നെ 900 പൗണ്ട് ലാഭം കിട്ടിയിട്ടുണ്ടെന്നും, അതിനാല്‍ ഫ്യൂവല്‍ പേയ്‌മെന്റ് പിന്‍വലിക്കുന്നത് പ്രശ്‌നമാകില്ലെന്നുമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ റീവ്‌സ് അറിയിച്ചത്.

കൂടുതല്‍ ബുദ്ധിമുട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍ വരുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന് ആരെ കുറ്റപ്പെടുത്തുമെന്ന് അംഗങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദികള്‍ കണ്‍സര്‍വേറ്റീവുകളാണ്, അവരുടെ തെറ്റായ തീരുമാനങ്ങളാണ് ഇതിന് ഇടയാക്കിയത്, ചാന്‍സലര്‍ പറഞ്ഞു. എന്നാല്‍ പല ലേബര്‍ എംപിമാരും ഈ വിശദീകരണങ്ങളില്‍ തൃപ്തരല്ല.

പെന്‍ഷന്‍കാരുടെ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കാനുള്ള നീക്കം തള്ളണമെന്ന് യൂണിയനുകളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.