ഇറാനെതിരായ നടപടികളുടെ ഭാഗമായി അവിടെ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്കു മേലും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുന്നു. ഇറാനില്‍നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങുന്ന ഇന്ത്യയെയും ചൈനയെയും ഈ നടപടി ഗുരുതരമായി ബാധിക്കും. ഇറാനെ ആശ്രയിക്കാതെതന്നെ ലോകവിപണിയില്‍ ആവശ്യത്തിന് എണ്ണ ലഭ്യമാണെന്ന് ഉപരോധം അംഗീകരിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഉപരോധം വകവെക്കാതെ ഇറാനുമായി സഹകരിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.
പാശ്ചാത്യരാജ്യങ്ങളെ ധിക്കരിച്ച് ആണവപരിപാടികളുമായി മുന്നോട്ടുപോവുന്ന ഇറാന്റെ വരുമാനമാര്‍ഗം ഉപരോധത്തിലൂടെ കൊട്ടിയടച്ച് ശ്വാസംമുട്ടിക്കാനാണ് അമേരിക്കയുടെ നീക്കം. ഇന്ത്യയെയും ചൈനയെയുംപോലുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതുകൊണ്ട് അമേരിക്കയുടെ ഉപരോധനടപടികള്‍ വേണ്ടത്ര ഫലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്കുമേലും ഉപരോധമേര്‍പ്പെടുത്തുന്നത്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന് അമേരിക്ക ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യക്കെതിരെ നടപടിക്ക് അമേരിക്ക ഒരുങ്ങുന്നതായി വാര്‍ത്തയും വന്നിരുന്നു. പിന്നീടിക്കാര്യം യു.എസ്. അധികൃതര്‍ നിഷേധിച്ചെങ്കിലും ഫലത്തില്‍ ഇന്ത്യയുമിപ്പോള്‍ ഉപരോധഭീഷണിയുടെ നിഴലിലാണ്. നിലവില്‍ എണ്ണയ്ക്ക് ഇറാനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇതു കുറയ്ക്കാന്‍ അമേരിക്ക മൂന്നുമാസത്തെ സമയമനുവദിച്ചിട്ടുണ്ട്. ഇതിനകം ഇറക്കുമതി ഗണ്യമായി കുറയ്ക്കാത്ത രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് കടുത്ത സാമ്പത്തികഉപരോധനടപടികള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക ഭീഷണിമുഴക്കിയിട്ടുണ്ട്. എണ്ണ വാങ്ങുന്നവര്‍ക്കെതിരെയുള്ള ഉപരോധം ഏതു തരത്തിലാണ് നടപ്പാക്കുകയെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല.
ഇറാനുമായി ബന്ധപ്പെടുന്ന ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാട് അമേരിക്കന്‍ കേന്ദ്രബാങ്ക് റദ്ദാക്കുമെന്നാണ് കരുതുന്നത്. പാശ്ചാത്യ ധനകാര്യസ്ഥാപനങ്ങള്‍ ഇറാനുമായി പണമിടപാട് നടത്താന്‍ തയ്യാറാകാത്തതുകൊണ്ട് ഇപ്പോള്‍ത്തന്നെ എണ്ണയുടെ വില നല്‍കാന്‍ ഇന്ത്യ പ്രയാസപ്പെടുന്നുണ്ട്. എണ്ണയ്ക്കുപകരം ഗോതമ്പും മറ്റു ഭക്ഷ്യധാന്യങ്ങളും ഇറാന് കൈമാറിയാണ് ഇന്ത്യയും ചൈനയുമെല്ലാം ഈ പ്രതിസന്ധി മറികടക്കുന്നത്.
ഇന്ത്യക്കും ചൈനക്കും പുറമേ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് എണ്ണയ്ക്കായി ഇറാനെ കൂടുതലായി ആശ്രയിക്കുന്നത്. ഇതില്‍ തുര്‍ക്കി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി 20 ശതമാനം കണ്ട് കുറയ്ക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനും യൂറോപ്യന്‍ യൂണിയന്‍രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ അമേരിക്ക ഇളവനുവദിച്ചിട്ടുണ്ട്.
ഇറാനില്‍നിന്നുള്ള എണ്ണ തടയുന്നതോടെ ലോകവിപണിയില്‍ വിലകുതിച്ചുയരുമെന്ന ആശങ്ക അമേരിക്ക തള്ളി. ഈ പ്രതിസന്ധി നേരിടാന്‍ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ സൗദി അറേബ്യയുമായി ചര്‍ച്ചനടത്തി. 2012ന്റെ തുടക്കത്തില്‍ ദക്ഷിണ സുഡാന്‍, സിറിയ, യെമന്‍, നൈജീരിയ, നോര്‍ത്ത് സീ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍കാരണം എണ്ണദൗര്‍ലഭ്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആവശ്യത്തിന് എണ്ണ എത്തുന്നുണ്ടെന്നാണ് ബരാക് ഒബാമ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല