മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മെയ് 3 മുതല്‍ ഇന്ത്യയിലെവിടേയും നമ്പര്‍ മാറാതെ തന്നെ സംസ്ഥാനം മാറാം. ട്രായിയുടെ പുതിയ ഉത്തരവോടെ ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പൂര്‍ണമായ തോതില്‍ പ്രാബല്യത്തില്‍ വരും. അതാത് സംസ്ഥാന സര്‍ക്കിളുകളില്‍ നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനി മാറാന്‍ ഉപയോക്താക്കള്‍ക്ക് നിലവില്‍ സൗകര്യമുണ്ട്.
ടെലികമ്യൂണിക്കേഷന്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലന്റി നിയമത്തിലെ ഏറ്റവും പുതിയ നിബന്ധന പ്രകാരം സമ്പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി മെയ് 3 മുതല്‍ രാജ്യം മുഴുവന്‍ നിലവില്‍ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) അറിയിപ്പില്‍ പറയുന്നു.
രാജ്യത്തെ ടെലികോം പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ടെലികോം കമ്മീഷന്‍ സമ്പൂര്‍ണ മൊബൈല്‍ പോര്‍ട്ടബിലിറ്റിക്ക് കഴിഞ്ഞ ജൂണില്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറ്റുന്നയാള്‍ക്ക് പുതിയ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകും. ഒപ്പം റോമിങ്ങിന്റെ അധിക ചെലവും ഒഴിവാക്കാം.
രാജ്യത്ത് 22 ടെലികോം സര്‍ക്കിളുകളാണ് നിലവില്‍ ഉള്ളത്. മിക്കതിന്റേയും അതിര്‍ത്തി നിര്‍ണയിച്ചിരിക്കുന്നത് അതാത് സംസ്ഥാനങ്ങളുടെ അതിര്‍ത്തി തന്നെയാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് പോലുള്ള ചില സംസ്ഥാനങ്ങള്‍ രണ്ട് ടെലികോം സര്‍ക്കിളുകളായാണ് പ്രവര്‍ത്തിക്കുന്നത്. മധ്യപ്രദേശും ചത്തീസ്ഗഡുമാകട്ടെ ഒറ്റ ടെലികോം സര്‍ക്കിള്‍ പങ്കുവക്കുകയും ചെയ്യുന്നു.
ചെറു മൊബൈല്‍ കമ്പനികളേക്കാള്‍ ഇന്ത്യ മുഴുവന്‍ സേവനം നല്‍കുന്ന വലിയ കമ്പനികള്‍ക്കാണ് ട്രായിയുടെ പുതിയ നീക്കം ഗുണം ചെയ്യുക. എന്നാല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതിന് ഒട്ടേറെ സാങ്കേതിക മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ദര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല