സ്വവര്‍ഗസ്നേഹികളുടെ വിവാഹം നിയമപരമാക്കുന്നതിനെതിരെ ഇംഗ്ലണ്ടിലെയും വേല്‍സിലെയും ബിഷപ്പുമാര്‍ ഇടയലേഖനവുമായി രംഗത്ത് വന്നിരുന്നു. ഈ ലേഖനം തുടങ്ങുന്നത് തന്നെ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ എന്ന് സംബോധന നടത്തിയിട്ടാണ്. ഈ ആഴ്ച സര്‍ക്കാര്‍ നിയമപരമാക്കുവാന്‍ ശ്രമിക്കുന്ന സ്വവര്‍ഗസ്നേഹികളുടെ വിവാഹത്തെ സംബന്ധിച്ചാണ് ലേഖനം എന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. കൃസ്ത്യന്‍ ദര്‍ശനമനുസരിച്ചു സമൂഹത്തില്‍ വിവാഹത്തിന്റെ പ്രാധാന്യം എന്താണെന്ന് കാട്ടിക്കൊടുക്കുകയാണ് ഈ ഇടയലേഖനത്തിന്റെ ലക്‌ഷ്യം.
വിവാഹത്തിന്റെ വേരുകള്‍ നമ്മുടെ പ്രകൃതിയില്‍ തന്നെയാണ് കിടക്കുന്നത്. ആണ്‍ പെണ്‍ വര്‍ഗ്ഗങ്ങള്‍ ഉണ്ടായതും അവര്‍ പരസ്പരം ആകര്ഷിക്കപ്പെടുന്നതും ഇണചേരുന്നതും പ്രകൃതിപരമാണ്. ഈ രീതി നമ്മള്‍ മാത്രമല്ല ലോകത്തിലെ വിവിധ മത വിഭാഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളതുമാണ്. എന്നിരിക്കെ വിവാഹത്തിന്റെ അടിസ്ഥാന ആശയം മാറ്റി മറയ്ക്കുന്നതിനു സര്‍ക്കാരിനെന്നല്ല പള്ളിക്ക് പോലും അവകാശമില്ല.
ഭൂരിപക്ഷത്തിന്റെ അഭിപ്രായം കൊണ്ട് മാറ്റാനുള്ളതല്ല വിവാഹം എന്ന സങ്കല്പം. ഇത് ജീവിതാവസാനം വരെക്കുമുള്ള ആണിന്റെയും പെണ്ണിന്റെയും ആത്മാക്കള്‍ തമ്മിലുള്ള സമര്‍പ്പണമാണ്. പ്രകൃതിയെ നിലനിര്‍ത്തുന്നതിനുള്ള പ്രത്യുല്പാദന വഴിയാണ്. ഇതില്‍ നിന്നുമാണ് ഒരു കുടുംബം ഉണ്ടാകുന്നത് ഒരു സമൂഹം ഉണ്ടാകുന്നത് ഒരു രാജ്യവും ഒരു ലോകവും നിലനില്‍ക്കുന്നത്. പരസ്പര പൂരകങ്ങളുടെ കൂടിച്ചേരലുകള്‍ ആണ് ഓരോ വിവാഹവും. ബൈബിളില്‍ പോലും ഇതേ രീതിയിലാണ് വിവാഹത്തെ കാണുന്നത്. ഒരു പുതിയ ജീവന്‍ നാമ്പിടുക എന്നത് ചെറിയ ഒരു കാര്യമല്ല അതിനു ദൈവത്തിന്റെ അനുഗ്രഹം കൂടിയേ തീരൂ. അതിനാലാണ് വിവാഹത്തില്‍ ദൈവത്തിന്റെ കൃപ കൊരിചൊരിയുന്നതായി പറയപ്പെടുന്നതും.
ദൈവത്തിന്റെ സ്നേഹം എന്നത് എല്ലായ്പ്പോഴും സര്‍ഗശക്തിയുള്ളതാകുന്നു. ഇതേ രീതിയില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും സ്നേഹം ഒത്തു ചേരുമ്പോഴാണ് പുതിയൊരു ജീവന്‍ ഉണ്ടാകുന്നത്. പരിശുദ്ധിയിലേക്കുള്ള മറ്റൊരു വഴിയാണ് വിവാഹം അതിനെ കളങ്കപ്പെടുത്തുവാന്‍ ആരു ശ്രമിച്ചാലും നടക്കുകയില്ല. വേദനകളാല്‍ വിഷമിച്ചിരുന്ന എത്ര സ്ത്രീ പുരുഷന്മാരാണ് വിവാഹം എന്ന ബന്ധത്തോടുകൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഭൂമിയിലെ സന്തോഷത്തില്‍ പങ്കു കൊണ്ടത്. സ്വവര്‍ഗ സ്നേഹികളുടെ വിവാഹം നിയമപരമാക്കുന്നത് തടയുക എന്നത് ഓരോ കത്തോലിക്കാകാരന്റെയും ചുമതലയാണെന്ന് ഈ ലേഖനം ആഹ്വാനം ചെയ്തു.
രണ്ടു ശരീരങ്ങള്‍ തമ്മിലുള്ള സമര്‍പ്പണം എന്നതിനപ്പുറം വിവാഹത്തിനുമറ്റൊരു മാനമുണ്ട്. പ്രകൃതിയെയും വിശ്വാസങ്ങളെയും മതത്തെയും ഒരേ സമയം തള്ളിപ്പറയുന്നത് ഭാവിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ സംശയമൊന്നുമില്ല എന്നാണു ഈ ലേഖനത്തില്‍ ബിഷപ്പുമാര്‍ പറയുന്നത്. വരും തലമുറയ്ക്ക് വിവാഹത്തിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു കൊടുക്കേണ്ടത് നമ്മുടെ കടമയാണെന്നും അതിനായി നാം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഈ ലേഖനം സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല