സ്വന്തം ലേഖകൻ: നോർത്ത് ഇന്ത്യൻ സ്പെഷൽ രുചിക്കൂട്ടുകൾ ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി. ലസ്സിയുണ്ട്, പാനിപൂരിയുണ്ട്, നല്ല ഫ്രൈഡ് ഇഡ്ഡലിയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം പാനിപൂരി ആസ്വദിച്ച് കഴിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഫുമിയോ കിഷിഡ ഗോൽഗപ്പ (പാനിപൂരി) ആസ്വദിച്ചു കഴിക്കുന്ന ചിത്രവും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സുഹൃത്ത് ഇന്ത്യൻ പലഹാരം ആസ്വദിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്, സുഷിയിൽ (ജാപ്പനീസ് മീൻ വിഭവം) നിന്നും ഗോൽഗപ്പയിലേക്ക്, ഇടയ്ക്കിടയ്ക്ക് ഇന്ത്യ സന്ദർശിക്കു വ്യത്യസ്ത രുചികൾ ആസ്വദിക്കാം എന്നിങ്ങനെയാണ് കാഴ്ചക്കാർ കുറിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കിഷിദയെ പലതവണ കണ്ടെന്നും ഓരോ തവണയും ഇന്ത്യ-ജപ്പാൻ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും പ്രതിബദ്ധതയും അനുഭവപ്പെട്ടെന്നും മോദി പറഞ്ഞു.
‘‘ഈ വർഷം ജി20–യിൽ ഇന്ത്യയും ജി7–ൽ ജപ്പാനുമാണ് അധ്യക്ഷ പദത്തിൽ. അതിനാൽ, മുൻഗണനകളിലും താൽപര്യങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള മികച്ച അവസരമാണിത്. ഇന്ത്യ-ജപ്പാൻ തന്ത്രപ്രധാന കൂട്ടുകെട്ട് ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങൾക്കും മാത്രമല്ല, ഇന്തോ-പസഫിക് മേഖലയിലാകെ സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കും.
പ്രതിരോധ ഉപകരണങ്ങൾ, സാങ്കേതിക സഹകരണം, വ്യാപാരം, ആരോഗ്യം, ഡിജിറ്റൽ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുരാജ്യങ്ങളും കൈമാറി. സെമികണ്ടക്ടറുകളിലും മറ്റ് നിർണായക സാങ്കേതികവിദ്യകളിലും വിശ്വസനീയമായ വിതരണ ശൃംഖലകളുടെ പ്രാധാന്യത്തെക്കുറിച്ചു ഫലപ്രദമായ ചർച്ച നടന്നു. അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5 ട്രില്യൻ യെൻ ജാപ്പനീസ് നിക്ഷേപമെന്ന പ്രഖ്യാപനത്തിൽ നല്ല പുരോഗതിയുണ്ട്’’– മോദി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല