സ്വന്തം ലേഖകൻ: ഇനിയൊരു മടക്കമില്ലാത്ത പ്രവാസത്തിലേക്ക് 23 മനുഷ്യജീവനുകൾ യാത്രയാവുമ്പോൾ കണ്ണീരണിയുകയാണ് കേരളക്കരയാകെ. പ്രിയപ്പെട്ടവരുടെ ജീവിതം കൂടി കരുപ്പിടിപ്പിക്കുന്നതിനായി ജന്മനാട് വിട്ട് പ്രവാസത്തിലേക്ക് തിരിച്ചവരാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് മുന്നിലേക്ക് ചേതനയറ്റ ശരീരങ്ങളായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഇന്ന് രാവിലെ പത്തരയോടെ എത്തിയത്.
കുവൈത്തിലെ ലേബർ ക്യാമ്പ് അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്ത ദുരന്തത്തിൽ കൊല്ലപ്പെട്ട 31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. വ്യോമസേനയുടെ പ്രത്യേക വിമാനത്താവളത്തിലെത്തിച്ച 23 മലയാളികൾ ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ ഏറ്റുവാങ്ങി അന്തിമോപചരാമർപ്പിച്ചു. ഇന്ത്യക്കാരായ 46 പേരുടെ മൃതദേഹങ്ങളാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കുവൈത്തിൽ നിന്നും രാജ്യത്തേക്കെത്തിച്ചത്.
23 മലയാളികൾക്ക് പുറമേ 7 തമിഴ് നാട് സ്വദേശികളുടേയും ഒരു കർണ്ണാടക സ്വദേശിയുടേയും മൃതദേഹമാണ് നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ മൃതദേഹങ്ങൾ മരിച്ചവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശ്ശേരിയിലേക്കെത്തി.
കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ചയാണ് അഗ്‌നിബാധയുണ്ടാകുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് അപകടമുണ്ടായ ലേബർ ക്യാമ്പ് ഉടമസ്ഥരായ എൻബിടിസി കമ്പനി അറിയിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. തീപിടുത്തത്തിൽ 49 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. മരണം സംഭവിച്ചവരിൽ 43 പേരും ഇന്ത്യക്കാരാണ്. 26 മലയാളികൾ മരിച്ചെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്.
മരിച്ചവരിൽ ആറുപേർ പത്തനംതിട്ട സ്വദേശികളാണ്. കൊല്ലം, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് സ്വദേശികളും മരിച്ചവരിലുണ്ട്. കൊല്ലം സ്വദേശികളായ ഷമീര്‍ ഉമറുദ്ദീന്‍ (30), സാജന്‍ ജോര്‍ജ് (29), ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ ആകാശ് ശശിധരന്‍ നായര്‍ (31), സജു വര്‍ഗീസ് (56), പി.വി. മുരളീധരന്‍ (68), തോമസ് ഉമ്മന്‍ (37), മാത്യു ജോർജ് (54), സിബിൻ ടി. എബ്രഹാം (31), കോട്ടയം സ്വദേശികളായ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ നൂഹ് (40), എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍കോട് സ്വദേശികളായ കെ. രഞ്ജിത്ത് (34), കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല