1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2024

സ്വന്തം ലേഖകൻ: പത്തു ദിവസം മുമ്പ് ഫ്‌ളാറ്റിലെ സ്റ്റെയര്‍കെയ്‌സ് ഇറങ്ങവേ വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ് ലൈനിലെ ക്രിമറ്റോറിയത്തില്‍ മൃതദേഹം സംസ്‌കരിക്കും. ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബര്‍ ഏഴാം തീയതി രാത്രിയായിരുന്നു കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് നായരുടെ (49) മരണം സംഭവിച്ചത്. ഫ്ലാറ്റില്‍ താമസിച്ചിരുന്ന പ്രദീപിന് മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുക ആയിരുന്നു എന്ന് പറയപ്പെടുന്നു. വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ പാരാമെഡിക്‌സിനേയും പോലീസിനെയും അടിയന്തിരമായി വിവരം അറിയിക്കുക ആയിരുന്നു. രാത്രി പത്തുമണിയോടെയാണ് സംഭവം എന്ന് കൂടെയുള്ളവര്‍ പറയുന്നു. പോലീസ് എത്തി കുടുംബത്തിന്റെ വിവരങ്ങള്‍ എടുത്തതോടെയാണ് ഭാര്യയും മക്കളും നാട്ടില്‍ ആണെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് കേരള പോലീസിന്റെ സഹായത്തോടെ വിവരം കൈമാറുക ആയിരുന്നു.

അവധി കഴിഞ്ഞു യുകെയിലേക്ക് മടങ്ങാന്‍ പ്രദീപിന്റെ ഭാര്യയും മക്കളും കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോളാണ് ദാരുണമായ വിവരം എത്തിയത്. മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് പ്രദീപ് യുകെയില്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.