അമേരിക്കന്‍ സൈനികന് ഖുറാന് കത്തിച്ചതിന്റെ പുക കെട്ടടങ്ങുന്നതിനു തൊട്ടുമുന്‍പാണ് പേര് വെളിപ്പെടുത്താത്ത ഒരു യു.എസ് സൈനികന് യാതൊരു കാരണങ്ങളും കൂടാതെ പതിനാറു അഫ്ഗാന്‍കാരെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ കൊലപ്പെടുത്തിയത്. ഇതൊക്കെ കൊണ്ട് തന്നെ അഫ്ഘാന്‍ ജനത വിദേശ സൈനികരെ എത്രയും വേഗം നാട്ടില്‍ നിന്നും ആട്ടിയകറ്റാനുള്ള ശ്രമവും തുടങ്ങി. അതേസമയം ഈ സൈനികനെ അന്വേഷണത്തിനായി കുവൈറ്റിലേക്ക് മാറ്റിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ കുറ്റം തെളിയിപ്പിക്കുവാന്‍ പറ്റിയ സൌകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ കുറ്റവാളിയെ കുവൈറ്റിലേക്ക് മാറ്റിയത്.
സംഭവത്തില്‍ കൃത്യമായ അന്വേഷണവും വിചാരണയും ഉണ്ടാകും എന്ന് യു.എസ്.മിലിട്ടറി അധികൃതര്‍ ഉറപ്പു നല്കി. അന്വേഷണത്തില്‍ യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ല എന്ന് ലെഫ്റ്റനന്റ് ജെനെറല്‍ കര്‍ട്ടിസ് സ്കപ്പരോട്ടി അറിയിച്ചു. സംഭവത്തില്‍ ക്രുദ്ധരായ ജനങ്ങള്‍ ഇപ്പോള്‍ സൈനികര്‍ക്ക് നേരെ തിരിഞ്ഞിരിക്കയാണ്. കൊല്ലപ്പെട്ടവരില്‍ മൂന്നു സ്ത്രീകളും ഒന്‍പതു കുട്ടികളും ഉള്‍പ്പെടും.
യു.എസ്.വിരുദ്ധവികാരം അഫ്ഗാനില്‍ അലയടിക്കുകയാണ്. യു.എസ്.സൈനികരെ രാജ്യത്തില്‍ നിന്നും തുരത്താന്‍ മുറവിളികള്‍ എല്ലായിടത്തും ഉയര്‍ന്നു കഴിഞ്ഞു. കൊലപാതകിയായ സൈനികനെ രാജ്യത് നിന്ന് മാറ്റിയതും ജനങ്ങള്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഇനിയും ഈ സൈനികന്റെ വിചാരണയും ശിക്ഷയും കൃത്യമായി നടന്നില്ലെങ്കില്‍ അഫ്ഗാനില്‍ യു.എസ്.സൈനികര്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല