മലയാള സിനിമയുടെ ഭാവി പുതിയ തലമുറയിലെ യുവപ്രതിഭകളില്‍ സുരക്ഷിതമാണെന്ന് നടി റീമ കല്ലിങ്കല്‍. ഒരു മാധ്യമത്തിന് അനുവദിച്ച് അഭിമുഖത്തിലാണ് റീമ ഇങ്ങനെ പറയുന്നത്. മലയാള സിനിമയില്‍ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിരിക്കുന്നു. പണ്ട് മറ്റ് ഭാഷകളിലെ ചലച്ചിത്രകാരന്മാര് മലയാള സിനിമയെ വളരെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ അടുത്തകാലത്തായി അതിന് കുറവ് വന്നിരിക്കുന്നു.
അത് തിരിച്ചുപിടിക്കാന്‍ നമുക്ക് സാധിക്കണം. സോള്‍ട്ട് ആന്‍ഡ് പെപ്പറും ടി ഡി ദാസന് ആറ് ബിയുമൊക്കെ നല്ല മാറ്റത്തിന്റെ ദൃഷ്ടാന്തങ്ങളാണെന്നും റീമ പറഞ്ഞു. സിനിമാ താരം ആണെന്ന് കരുതി സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രതികരിക്കാതെ മാറി നില്ക്കാന് തനിക്ക് ആകില്ലെന്ന് ഒരുചോദ്യത്തിന് മറുപടിയായി റീമ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലാണ് ആദ്യമായി പ്രതികരിച്ചത്.
മുല്ലപ്പെരിയാര്‍ പ്രശ്നമുണ്ടായപ്പോഴും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും തന്റെ പ്രതികരണം അറിയിച്ചതായി അവര്‍ പറഞ്ഞു. വളരെ പോസിറ്റീവായ തീരുമാനമാണ് മുല്ലപ്പെരിയാന്‍ വിഷയത്തില്‍ ഉണ്ടാകേണ്ടത്. മുല്ലപ്പെരിയാറില്‍ എപ്പോള്‍ വേണമെങ്കിലും ദുരന്തം സംഭവിക്കാം എന്ന് വിചാരിച്ചിരിക്കാതെ ജനങ്ങള്‍ക്ക് മനസമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടതെന്നും റീമ പറഞ്ഞു. പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പറഞ്ഞാല്‍ കള്ളത്തരമാകുമെന്നായിരുന്നു ചിരിച്ചുകൊണ്ട് റീമയുടെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല