സ്വന്തം ലേഖകൻ: ലോകരാജ്യങ്ങളിലെ നയതന്ത്രലോകത്തിന്റെ കണ്ണുകള്‍ ഇനി ഡല്‍ഹിയിലേക്ക്. ഇന്ത്യ ആതിഥ്യംവഹിക്കുന്ന പതിനെട്ടാമത് ജി-20 നേതൃതല ഉച്ചകോടി ശനിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കും. 20 അംഗരാജ്യങ്ങള്‍, ക്ഷണിതാക്കളായ എട്ട് രാജ്യങ്ങള്‍, 14 ലോകസംഘടനകള്‍ എന്നിവയുടെ മേധാവികള്‍ പങ്കെടുക്കുന്ന ആഗോള സാമ്പത്തിക ചര്‍ച്ചാവേദിയായി യോഗം മാറും. ആതിഥേയരാജ്യമായ ഇന്ത്യയുടെ ചരിത്രവും ജനാധിപത്യപാരമ്പര്യവും സംഘാടനാമികവും വിളിച്ചോതുന്ന പ്രദര്‍ശന വേദിയായും ഉച്ചകോടി ഉയരും. രണ്ടുദിവസത്തെ നയതന്ത്ര കൂട്ടായ്മക്ക് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും വെള്ളിയാഴ്ച വൈകീട്ട് കൂടിക്കാഴ്ചനടത്തും.
വിവിധ വലയങ്ങളുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളിലാണ് മൂന്നുദിവസം രാജ്യതലസ്ഥാനം. ഡല്‍ഹി നഗരഹൃദയത്തിലെ പ്രഗതി മൈതാനില്‍ പണിതുയര്‍ത്തിയ ഭാരത് മണ്ഡപത്തിലാണ് രണ്ടുദിവസത്തെ ഉച്ചകോടി. രാഷ്ട്രത്തലവന്‍മാരും അതിഥികളും നയതന്ത്ര ഉദ്യോഗസ്ഥരും ഡല്‍ഹിയില്‍ എത്തിത്തുടങ്ങി. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് റമാഫോസയാണ് ആദ്യമെത്തിയത്. രണ്ടുദിവസം മുന്നെത്തന്നെ അദ്ദേഹം ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് എന്നിവര്‍ എത്തിച്ചേരും.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച വൈകീട്ട് എട്ടോടെയാണ് എത്തുന്നത്. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തും. ചെറുകിട മോഡുലാര്‍ ആണവ റിയാക്ടറുകള്‍ക്കായി ധാരണാപത്രം, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് പ്രോഗ്രാം, ഡ്രോണുകള്‍, ജെറ്റ് എൻജിനുകള്‍ എന്നിവ വാങ്ങുന്നതിനുള്ള ഇടപാടുകള്‍, യുക്രൈനിന് സംയുക്ത സഹായം, ഇന്ത്യക്കാര്‍ക്കായി ഉദാരമായ വീസ നയം, ഇരുരാജ്യങ്ങളിലും പുതിയ കോണ്‍സുലേറ്റുകള്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചാ മേശപ്പുറത്തുള്ളത്. പ്രധാന ഉച്ചകോടിക്കുപുറമേ ആഗോള അടിസ്ഥാനസൗകര്യം, നിക്ഷേപം എന്നിവ സംബന്ധിച്ച യോഗത്തിലും ബൈഡന്‍ പങ്കെടുക്കും.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. പകരം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങും എത്തും. ശനിയാഴ്ച വിശിഷ്ടാതിഥികള്‍ക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്ന ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും.
ഞായറാഴ്ച രാവിലെ ജി-20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദര്‍ശിക്കും. വെള്ളിയാഴ്ചമുതല്‍ തിങ്കളാഴ്ച വരെ ഡല്‍ഹി സുരക്ഷാ സംവിധാനങ്ങളുടെ കോട്ടയ്ക്കുള്ളിലാണ്. ആകാശ നിരീക്ഷണവുമുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയില്‍ റോഡ് മാര്‍ഗമുള്ള പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. മെട്രോ ട്രെയിന്‍ സര്‍വീസിന് മുടക്കമില്ല. വിദ്യാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധിനല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല