സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് ഇന്ത്യയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായശേഷമുള്ള സുനാകിന്റെ ചരിത്രപരമായ ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ ഓര്‍മപ്പെടുത്തലാണെന്നും അത്രയേറെ പ്രാധാന്യമുള്ളതാണെന്നുമാണ് ഡൗണിംഗ് സ്ട്രീറ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. സുനാകിനൊപ്പം ഭാര്യ അക്ഷത മൂര്‍ത്തിയും ഇന്ത്യയിലേക്ക് പോയിട്ടുണ്ട്.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷത ഇന്ത്യയിലാണ് ജനിച്ച് വളര്‍ന്നത്. ലോകത്തിലെ 19 വലിയ സമ്പദ് വ്യവസ്ഥകളുടെയും യൂറോപ്യന്‍ യൂണിയന്റെയും തലവന്‍മാരാണ് ജി 20ല്‍ പങ്കെടുക്കുന്നത്. നരേന്ദ്ര മോദിയുമായി ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സുനാക് നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ചര്‍ച്ചയില്‍ യുകെ-ഇന്ത്യ ഫ്രീ ട്രേഡ് അഗ്രിമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ വൈകാതെ ഒപ്പ് വയ്ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇത്തരമൊരു കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കരാര്‍ എപ്പോഴാണ് നിലവില്‍ വരുകയെന്ന് വ്യക്തമാക്കാന്‍ ഡൗണിംഗ് സ്ട്രീറ്റ് തയ്യാറായിട്ടില്ല. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വീസകള്‍ അനുവദിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്നും വീസകള്‍ കൂടുതല്‍ അയവോടെ അനുവദിക്കണമെന്നും ഇന്ത്യ ഈ കരാറിന്റെ ഭാഗമായി യുകെയോട് ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ ഇതൊരു ട്രേഡ് ഡീലാണെന്നും ഇതില്‍ വ്യാപാരത്തെക്കുറിച്ചും ബിസിനസിനെക്കുറിച്ചും മാത്രമാണ് ചര്‍ച്ച ചെയ്യുകയെന്നും ഇമിഗ്രേഷന്‍ വേറെ വിഷയമാണെന്നുമാണ് സുനകിന്റെ ഔദ്യോഗിക വക്താവ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാനുള്ള കടുത്ത നടപടികള്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് സുനാക് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത്. യുകെയിലെക്കുള്ള നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുന്നതിന് വര്‍ധിച്ച മുന്‍ഗണനയാണ് നല്‍കുന്നതെന്ന് സുനാക് വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല