കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് അന്തരിച്ചു. 66 വയസായിരുന്നു. ബങ്കളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കരളിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കാര്ത്തികേയന്.
നേരത്തെ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയില്‍ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പതിയെ പൊതുപ്രവര്‍ത്തനത്തിലേക്ക് മടങ്ങി വരുകയായിരുന്നു അദ്ദേഹം. എന്നാല്‍ രക്തത്തില്‍ സോഡിയത്തിന്റെ അളവു കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
റോബോട്ടിക് സാങ്കേതിത വിദ്യയുടെ സഹായത്തോടെയുള്ള റേഡിയേഷന് ചികിത്സക്കായാണ് കാര്‍ത്തികേയനെ ബങ്കളുരുവിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റേഡിയേഷന് ചികിത്സ തുടങ്ങാനായില്ല.
അരുവുക്കര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കാര്ത്തികേയന്. ആറാം തവണയാണ് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്. രണ്ടു തവണ സംസ്ഥാനമന്ത്രി പദവി അലങ്കരിച്ചിട്ടുണ്ട്.
മരണസമയത്ത് കുടുംബാംഗങ്ങള്‍ സമീപത്ത് ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം ബങ്കളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. സംസ്കാര സമയം തീരുമാനിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല