സ്വന്തം ലേഖകന്‍: സിറിയയില്‍ റഷ്യയുമായി ചേര്‍ന്ന് വെടിനിര്‍ത്തലിന് യുഎസ്, ആറു വര്‍ഷത്തെ നരകത്തില്‍ നിന്ന് സിറിയന്‍ ജനതയ്ക്ക് മോചനത്തിനുള്ള വഴി തെളിയുന്നോ ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിക്കെത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് തീരുമാനം. സിറിയയില്‍ ആറുവര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ വഴിത്തിരിവാകുന്നതാണ് പുതിയ തീരുമാനമെന്നാണ് കരുതപ്പെടുന്നത്.
ജോര്‍ഡന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിരിക്കും. ഇരു രാജ്യങ്ങളും സിറിയയുമായി അതിര്‍ത്തി പങ്കിടുന്നതു പരിഗണിച്ചാണ് കരാറില്‍ കക്ഷിയാകുന്നതെന്ന് യു.എസ് വിശദീകരിച്ചു. ആറു വര്‍ഷത്തെ ആഭ്യന്തര യുദ്ധം തകര്‍ത്ത സിറിയയില്‍ സ്ഥിരത കൈവരുത്തുന്നതിന് റഷ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിറിയയില്‍ വ്യോമനിരോധനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റഷ്യ സഹകരിക്കുകയാണെങ്കില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മേഖലയില്‍ വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നതിനും സിറിയന്‍ ജനതയ്ക്ക് സഹായമെത്തിക്കുന്നതിലും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന കാര്യം റഷ്യയുമായി ചര്‍ച്ചചെയ്യാന്‍ യുഎസ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സിറിയയില്‍ സ്ഥിരത കൈവരിക്കുന്നതിന് രണ്ടു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് സിറിയയുടെ രാഷ്ടീയഭാവിക്ക് അടിത്തറയിടാനുള്ള സുപ്രധാന നീക്കമാവുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജര്‍മനിയില്‍ ജി20 ഉച്ചകോടിക്കു മുമ്പായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അതേസമയം, സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങളൊന്നും യുഎസും റഷ്യയും പരാമര്‍ശിച്ചിട്ടില്ല. സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ബശ്ശാറുല്‍ അസദിനെയാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. സിറിയയില്‍ ആക്രമണരഹിത മേഖല സൃഷ്ടിക്കാന്‍ അടുത്തിടെ റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ ധാരണയില്‍ ഇറാന്‍ പങ്കാളിയായതിനെ തുടര്‍ന്ന് യു.എസ് പിന്മാറിയിരുന്നു. ഇതിനു ബദലായാണ് യുഎസിന്റെ പുതിയ നീക്കമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല