സ്വന്തം ലേഖകൻ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് തുടക്കം കുറിക്കാന്‍ ഇനി രണ്ടുനാള്‍. സെപ്തംബര്‍ 9-10 തീയതികളില്‍ ഡല്‍ഹിയാണ് ജി20 ഉച്ചകോടിക്ക് വേദിയാകുന്നത്. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപമാണ് ഉച്ചകോടിയുടെ പ്രധാനവേദി. ദീപാലങ്കാരങ്ങളും ചെടികളും പൂക്കളുമൊക്കെയായി പ്രധാനവേദി ഒരുങ്ങിക്കഴിഞ്ഞു. വേദിക്കു മുന്നില്‍ 28 അടി ഉയരമുള്ള നടേശവിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ് ജി20 ഉച്ചകോടിയില്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ശുഭാപ്തി വിശ്വാസത്തോടെയുള്ള മുദ്രാവാക്യം.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് അടക്കമുള്ള പ്രമുഖലോക നേതാക്കള്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തും.
ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ജക്കാര്‍ത്തയില്‍ നിന്നും ഇന്ന് വൈകുന്നേരം ജി20യുടെ തിരക്കുകളിലേക്ക് മടങ്ങിയെത്തും. വെള്ളിയാഴ്ച വൈകുന്നേരം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, യൂറോപ്യന്‍ യൂണിയന്റെ നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബൈഡനും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച സുപ്രധാനമാണെന്നാണ് വിലയിരുത്തല്‍. എച്ച്എഎല്ലുമായുള്ള 100 ശതമാനം നിര്‍മ്മാണ ടിഒടി കൈമാറ്റത്തിന്റെ ജിഇ-414 എഞ്ചിന്‍ കരാറിന് യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടക്കുന്ന ഇരുരാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ചയ്ക്ക് അതിനാല്‍ നിര്‍ണ്ണായക പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. അര്‍ദ്ധചാലകങ്ങള്‍, ക്വാണ്ടം കമ്പ്യൂട്ടിംഗ്, 6ഏ ടെലികോം സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ആഗോള വിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്നതിന് ചര്‍ച്ചകള്‍ ഗതിവേഗം പകരുമെന്നാണ് സൂചന. ശുദ്ധ ഊര്‍ജ്ജ സംരംഭത്തിന്റെ ഭാഗമായി സിവിലിയന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിലും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അഭാവത്തില്‍ പ്രധാനമന്ത്രി ലീ ക്വിയാങ്ങാണ് ചൈനീസ് സംഘത്തെ നയിക്കുന്നത്. ചൈനീസ് പ്രധാനമന്ത്രിയെ സ്വീകരിക്കുമെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന. തായ്വാന്‍, ദക്ഷിണ ചൈനാ കടല്‍, കിഴക്കന്‍ ലഡാക്കിന്റെ ചില ഭാഗങ്ങള്‍, അരുണാചല്‍ പ്രദേശ് എന്നിവയില്‍ ബെയ്ജിംഗ് അവകാശവാദമുന്നയിച്ച ഒരു സ്റ്റാന്‍ഡേര്‍ഡ് മാപ്പ് അടുത്തിടെ ചൈന പുറത്തിറക്കിയിരുന്നു. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ ഈ വിഷയങ്ങള്‍ പ്രതിഫലിക്കുമോ എന്നതും നിര്‍ണ്ണായകമാണ്.
ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷാ ക്രമീകരണമാണ് തലസ്ഥാന നഗരിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശ പ്രതിനിധികള്‍ എത്തിച്ചേരുന്ന വിമാനത്താവളങ്ങളിലും താമസസ്ഥലങ്ങളിലുമെല്ലാം പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഫ്ളാഗ് മാര്‍ച്ചുകള്‍, പഴുതടച്ച പട്രോളിംഗ്, പിക്കറ്റ് ചെക്കിംഗ് അടക്കം ജി 20 ഉച്ചകോടിക്കായി ദേശീയ തലസ്ഥാനത്ത് മികച്ച സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ 8 മുതല്‍ 10വരെ ഡല്‍ഹി മെട്രോ സര്‍വ്വീസുകള്‍ പുലര്‍ച്ചെ 4 മണിക്ക് ആരംഭിക്കുന്ന വിധത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സുപ്രീം കോര്‍ട്ട് മെട്രോ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനും കയറാനും അനുവാദമുണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചില്ല.
ഇന്ത്യയടക്കം 19 അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ജി20 കൂട്ടായ്മയിലെ അംഗങ്ങള്‍. ഇന്ത്യക്ക് പുറമെ അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ആസ്‌ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, സൗദി അറേബ്യ, അര്‍ജ്ജന്റീന, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണകൊറിയ, ഇന്തോനേഷ്യാ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് യുറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍. നിലവില്‍ ജി20 അധ്യക്ഷ പദവി അലങ്കരിക്കുന്നത് ഇന്ത്യയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല