സ്വന്തം ലേഖകൻ: ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തുടങ്ങിയവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.
റഷ്യ–യുക്രെയ്ൻ വിഷയത്തിൽ മനുഷ്യത്വപരമായ സമീപനത്തിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പ്രശ്നം പരിഹരിക്കുമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിക്കുന്നതായി സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഫ്രഞ്ച് പ്രസിഡന്റുമായി പ്രതിരോധം, സുരക്ഷ, സാങ്കേതിക വിദ്യ, നിർമിത ബുദ്ധി, ബ്ലൂ ഇക്കോണമി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഋഷി സുനകുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയും ബ്രിട്ടനുമായുള്ള തന്ത്രപ്രധാന സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചെന്നും സെമി കണ്ടക്ടർ, സാങ്കേതിക വിദ്യ, വാണിജ്യ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ ചർച്ച ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി തുടങ്ങിയവരുമായും ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചർച്ച നടത്തും. പ്രത്യേക ക്ഷണിതാവെന്ന നിലയിലാണ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. റഷ്യയ്‌ക്കെതിരെ യുഎസ് ആസൂത്രണം ചെയ്യുന്ന പുതിയ ഉപരോധവും റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചെറുകിട ചൈനീസ് ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകുന്നതും ഉച്ചകോടിയിൽ പ്രധാന വിഷയമാകും.
ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെക്കൻ ഇറ്റലിയിലെ അപുലിയ ജില്ലയിൽപെട്ട സാവെല്ലത്രി പട്ടണത്തിലെ ബോർഗോ എഗ്നാസിയ റിസോർട്ടിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെ ഇന്നലെ വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയിലാണു മാർപാപ്പയെ ഇന്ത്യാ സന്ദർശനത്തിനു മോദി ക്ഷണിച്ചത്.
ജി 7 ഉച്ചകോടിയുടെ ഭാഗമായി മാർപാപ്പയുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതൽ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താൻ ആദരിക്കുന്നതായും, ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
മാർപാപ്പയെ ആശ്ലേഷിച്ചാണു പ്രധാനമന്ത്രി മോദി സൗഹൃദം പങ്കുവച്ചത്. ഉച്ചകോടിയിൽ, നിർമിതബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു സംസാരിച്ചു. നയതന്ത്രബന്ധം തുടങ്ങിയ 1948 മുതൽ വത്തിക്കാനുമായി ഇന്ത്യക്കു സുദൃഢമായ ബന്ധമാണുള്ളതെന്ന് മോദി-മാർപാപ്പ കൂടിക്കാഴ്ചയെക്കുറിച്ചു വിശദീകരിക്കവേ പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല