
സ്വന്തം ലേഖകൻ: ജപ്പാനിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ റഷ്യക്കെതിരായ ഉപരോധങ്ങൾ ശക്തമാക്കാൻ നേതാക്കളുടെ തീരുമാനം. യുക്രെന് എതിരെ യുദ്ധം തുടരുന്ന റഷ്യക്കെതിരെ ഒന്നിച്ചു നിൽക്കാനാണു തീരുമാനം. ഇതുസംബന്ധിച്ച് ജി 7 രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. യുക്രെനിൽ നിന്നും സേനയെ റഷ്യ പിൻവലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കീവിന് ആവശ്യമായ സാമ്പത്തികവും സൈനികവും നയപരവുമായ പിന്തുണ ജി7 രാജ്യങ്ങൾ നൽകും.
യുക്രെന് വിപുലമായ യുദ്ധവിമാനങ്ങളും പൈലറ്റ് പരിശീലനവും നൽകുന്നതിനെ യുഎസ് പ്രസിഡന്റ് പിന്തുണച്ചു. അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യുക്രെൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ജി 7 ഉച്ചകോടിയില്‍ ഞായറാഴ്ച നേരിട്ട് പങ്കെടുക്കുമെന്ന് യുക്രെൻ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച അറിയിച്ചു. ജപ്പാനു പുറമെ ജര്‍മനി, കാനഡ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യ നേതാക്കളും യൂറോപ്യൻ യൂണിയൻ നേതാക്കളും ക്ഷണിക്കപ്പെട്ട രാജ്യമായി ഇന്ത്യയുമാണ് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ജി 7 ഗ്രൂപ്പിന്‍റെ വാര്‍ഷിക ഉച്ചകോടിയിലും മൂന്നാമത് ഇന്‍പേഴ്സണ്‍ ക്വാഡ് നേതാക്കളുടെ യോഗത്തിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയിട്ടുണ്ട്. ജപ്പാനു പുറമെ പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിന്‍റെ ഭാഗമായിട്ടാണ് മോദി ജപ്പാനിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല