1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2024

സ്വന്തം ലേഖകൻ: ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്ന ഹാഷ്ടാഗാണ് ‘മെലോഡി’. വിരുഷ്‌കയെന്നും ദീപ്‌വീറെന്നും പറയുന്നതുപോലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടേയും പേരുകള്‍ ലോപിച്ചാണ് ആരാധകര്‍ ‘മെലോഡി’ ഉണ്ടാക്കിയെടുത്തത്. ഇപ്പോള്‍ ഈ പേര് ജോര്‍ജിയ മെലോണിയും ഏറ്റെടുത്തിരിക്കുകയാണ്.

ഇറ്റലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ എടുത്ത മോദിക്കൊപ്പമുള്ള സെല്‍ഫി വീഡിയോ എക്‌സില്‍ പങ്കുവെച്ച് ‘ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലോഡി’ എന്നാണ് മെലോണി കുറിച്ചത്. ‘നമസ്‌തേ’ പറഞ്ഞ് മോദിയെ സ്വീകരിച്ച ശേഷമാണ് മെലോണി സെല്‍ഫി വീഡിയോയെടുത്തത്. ‘ഹലോ ഫ്രം മെലോഡി ടീം’ എന്ന് മെലോണി പറയുന്നതും അതുകേട്ട് മോദി ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

മെലോണിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ മോദിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മെലോണിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും പോസ്റ്റില്‍ പ്രധാനമന്ത്രി പറയുന്നു. ജി-7ലേക്ക് പ്രത്യേകം ക്ഷണിച്ചതിന് മെലോണിയോട് മോദി നന്ദി പറയുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയതില്‍ മോദിയെ മെലോണി അഭിനന്ദിച്ചു.

അധികാരമേറ്റെടുത്ത ശേഷം മോദിയുടെ ആദ്യ വിദേശയാത്ര കൂടിയായിരുന്നു ഇത്. അധികാരത്തിലും സമ്പന്നതയിലും ലോകം ഭരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ലേക്ക് ഇന്ത്യക്ക് തുടര്‍ച്ചയായാണ് ക്ഷണം ലഭിക്കുന്നത്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സ്‌നേഹത്തിന്റെ പാത തുറന്നുതും നരേന്ദ്ര മോദിയും മെലോണിയും തമ്മിലുള്ള സൗഹൃദമാണ്.

കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ മോദിക്കൊപ്പം മെലോണിയെടുത്ത സെല്‍ഫിയും വൈറലായിരുന്നു. ‘cop 28-ലെ നല്ല സുഹൃത്തുക്കള്‍, മെലോഡി’ എന്ന ക്യാപ്ഷനോടെയാണ് മെലോണി അന്ന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തപ്പോഴാണ് മെലോണിയുടെ ആദ്യ സന്ദേശമെത്തുന്നത്. മോദിയെ അഭിനന്ദിച്ചുള്ള കുറിപ്പാണ് മെലോണി ട്വീറ്റ് ചെയ്തത്. ഇതിന് മോദി മറുപടിയും നല്‍കി. കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് മോദിയും മെലോണിയും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റെയ്‌സിന ഡയലോഗില്‍ മോദിയോടൊപ്പം പങ്കെടുത്ത മെലോണിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.

ഇതോടെയാണ് ഇരുവരേയും കൂട്ടിച്ചേര്‍ത്ത് നിരവധി പോസ്റ്റുകളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. മെലോണി തങ്ങളുടെ ‘ഭാഭി’യാണ് എന്ന രീതിയിലായിരുന്നു മിക്ക പോസ്റ്റുകളും. കഴിഞ്ഞ ഒക്ടോബറില്‍ മെലോണി വിവാഹമോചനം കൂടി നേടിയതോടെ ഇതുമായി ബന്ധപ്പെടുത്തിയും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ലൈംഗികച്ചുവയോടെയുള്ള സംസാരത്തിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനായ ആന്‍ഡ്രി ഗ്യാംബ്രൂണോയുമായുള്ള 10 വര്‍ഷത്തെ ബന്ധം മെലോണി അവസാനിപ്പിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ അധികാരത്തിലെത്തുന്ന അതിതീവ്ര വലതുസര്‍ക്കാരാണ് ജോര്‍ജിയ മെലോണിയുടെത്. ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന അതിതീവ്ര വലതു പാര്‍ട്ടിയുടെ നേതാവായ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്. ഫാസിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മുസോളിനിയാണ് മെലോണിയുടെ ആരാധ്യപുരുഷന്‍. മുസോളിനിയുടെ അനുയായികള്‍ രൂപവത്കരിച്ച ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്മെന്റിന്റെ യുവജനവിഭാഗത്തില്‍ അംഗമായിക്കൊണ്ടാണ് 15-ാം വയസില്‍ മെലോണി രാഷ്ട്രീയപ്രവേശനം നടത്തുന്നത്.

നരേന്ദ്രമോദിക്ക് സമാനമായി മെലോണിയുടെ വിദ്യാഭ്യാസ യോഗ്യതയും തര്‍ക്കവിഷയവും വിവാദവുമാണ്. 1996-ല്‍ അമേരിഗോ വെസ്പൂച്ചി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഭാഷയില്‍ ഡിപ്ലോമയെടുത്തു എന്നാണ് അവരുടെ അവകാശവാദം. എന്നാല്‍, ഇവിടെ വിദേശഭാഷ പഠിപ്പിക്കുന്നില്ലെന്നും അതിനാല്‍ അവരുടെ അവകാശവാദം തെറ്റെന്നുമാണ് എതിര്‍വാദം ഉന്നയിക്കുന്നവര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.