സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ ബവേറിയയില്‍ രണ്ട് ദിവസമായി നടക്കുന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടി സമാപിച്ചു. യുക്രൈന്‍ പ്രശ്‌നത്തില്‍ സമാധാനം പുനഃസ്ഥാപിക്കും വരെ റഷ്യയുടെ മേലുള്ള ഉപരോധം തുടരാന്‍ ഉച്ചകോടി തീരുമാനിച്ചു.
യുക്രൈനില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യക്ക് ശക്തമായ താക്കീത് എന്ന നിലയില്‍ ഉപരോധം തുടരാന്‍ തീരുമാനമെടുത്താണ് രണ്ട് ദിവസം നീണ്ട ജി 7 ഉച്ചകോടിക്ക് തിരശീല വീണത്. വെടിനിര്‍ത്തല്‍ കരാര്‍ റഷ്യ നിരന്തരം ലംഘിക്കുകയാണെന്നും കരാര്‍ പാലിക്കാന്‍ റഷ്യ തയ്യാറാവണമെന്നും ഉച്ചകോടിയില്‍ ആവശ്യം ഉയര്‍ന്നു.
ഇന്നലെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ റഷ്യക്ക് എതിരായുള്ള താക്കീതായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. റഷ്യക്കെതിരായ ഉപരോധം ശക്തമാക്കാനുള്ള ജി 7 ഉച്ചകോടിയുടെ തീരുമാനം ലോകാഭിപ്രായം റഷ്യക്ക് പ്രതികൂലമാകുന്നു എന്നതിന്റെ സൂചനയാണ്.
പ്രതിവര്‍ഷം ശരാശരി രണ്ടു ഡിഗ്രി വര്‍ധനയെന്ന തോതില്‍ ആഗോളതാപനം നിയന്ത്രിക്കാനും ഇതിനായി 10,000 കോടി ഡോളര്‍ നീക്കി വെക്കാനും ഉച്ചകോടിയില്‍ തീരുമാനമായി. ഗ്രീക്ക് സാമ്പത്തിക പ്രതിസന്ധിയാണ് ഉച്ചകോടിയില്‍ ചര്‍ച്ചയായ മറ്റൊരു പ്രധാന വിഷയം. കിഴക്കന്‍ യുക്രൈനില്‍ നടത്തിയ കടന്നുകയറ്റത്തിന്റെ പേരില്‍ റഷ്യയെ പുറത്താക്കിയതോടെയാണ് ജി 8 ജി 7 ആയി മാറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല