സ്വന്തം ലേഖകൻ: ആഭ്യന്തരയുദ്ധത്തിനും അരാജകത്വത്തിനും പിന്നാലെ നരഭോജികളായ ഗുണ്ടാസംഘത്തിന്റെ പിടിയിലമർന്ന് കരീബിയൻ രാജ്യമായ ഹെയ്തി. ‘ജി 9 ആൻഡ് ഫാമിലി’ എന്ന കുപ്രസിദ്ധ സംഘമാണ് രാജ്യത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയർത്തുന്നത്. സംഘാംഗങ്ങൾ മനുഷ്യരെ പച്ചയ്ക്കു ചുട്ടുതിന്നുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിമാനത്താവളങ്ങളും പൊലീസ് സ്റ്റേഷനുകളും ആക്രമിച്ചു പിടിയിലാക്കുകയും ജയിലുകൾ തുറന്ന് കുറ്റവാളികളെ സ്വതന്ത്രരാക്കുകയും ചെയ്യുകയാണു സംഘം. പ്രശ്നം ഗുരുതരമായതോടെ തങ്ങളുടെ എംബസിയിൽനിന്നും ജീവനക്കാരെ എയർലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തുകയാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ.
ബാർബിക്യു എന്നറിയപ്പെടുന്ന ജിമ്മി ചെറിസിയറാണ് ഗാങ്ങിന്റെ തലവൻ. ശത്രുക്കളെ ചുട്ടുകൊല്ലുന്ന വിചിത്ര ശീലം കാരണമാണ് ചെറിസിയറിന് ബാർബിക്യു എന്ന പേര് വീണത്. മനുഷ്യരെ ചുട്ടുകൊന്ന ശേഷം മൃതശരീരത്തിൽനിന്ന് ക്രിമിനൽ സംഘം മാംസം ഭക്ഷിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെൻറിയെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുകയാണ് നിലവിൽ ചെറിസിയറിന്റെ ലക്ഷ്യം. പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കാനായി കെനിയയിലേക്കു യാത്ര തിരിച്ച ഏരിയൽ ഹെൻറിക്ക് ഇതുവരെ നാട്ടിലേക്കു മടങ്ങാനായിട്ടില്ല. തലസ്ഥാനമായ പോർട്ട് ഔ പ്രിൻസിലെ അന്താരാഷ്ട്ര വിമാനത്താവളം പിടിച്ചെടുത്ത ജി 9 സംഘം പ്രധാനമന്ത്രിയുടെ വിമാനം ഇവിടെ ലാൻഡ് ചെയ്യാൻ അനുവദിച്ചിട്ടില്ല. തലസ്ഥാനം പൂർണമായും സംഘത്തിന്റെ നിയന്ത്രണത്തിലാണ്.
2018ൽ ഹെയ്തിയിലെ ലാ സാലിൻ ചേരിയിൽ നടന്ന കൂട്ടക്കൊലയിൽ 71 പേർ കൊല്ലപ്പെടുകയും നിരവധി സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയാകുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിൽ അന്ന് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ചെറിസിയറിന് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കപ്പെടുകയും പിന്നാലെ സേനയിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.
തുടർന്ന് പോർട്ട് ഔ പ്രിൻസിലെ ചേരികളെയും തെരുവുകളെയും നിയന്ത്രിക്കുന്ന ജി 9 ആന്റ് ഫാമിലിയുടെ അധികാരം ചെറിസിയർ ഏറ്റെടുക്കുകയായിരുന്നു. ആഭ്യന്തരയുദ്ധത്തിൽ 2023ൽ മാത്രം 40,000ത്തിലധികം പേർ ഹെയ്തിയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല