സ്വന്തം ലേഖകൻ: 32 വർഷത്തിന് ശേഷം ഗാബയിൽ ഓസീസിനെ കൊമ്പു കുത്തിച്ച് ഇന്ത്യൻ യുവനിര. അവസാന 20 ഓവറിൽ 100 റൺസ് ആവശ്യമായിരുന്ന കളിയിൽ അതിവേഗം ബാറ്റുവീശി പന്തും കൂട്ടുകാരും ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു. ഓസീസിനെതിരായ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മെല്‍ബണിലും ഗാബയിലും നേടിയ ജയത്തോടെ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വട്ടവും ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കി.
അഞ്ചാം ദിവസത്തെ ആവേശ പോരാട്ടത്തിനൊടുവിലായിരുന്നു ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാന്‍ വെറും 18 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനായിരുന്നു ജയം. 138 പന്തില്‍ പുറത്താകാതെ 89 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ അപരാജിത ഇന്നിങ്‌സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഗാബ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമായിരുന്നു ഇത്.
പരമ്പര ജയത്തോടെ ഓസീസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. അഞ്ചു പരമ്പരകളിലായി ഒമ്പത് ജയങ്ങളോടെ 71.7 എന്ന വിജയ ശരാശരിയോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 430 പോയന്റാണ് ടീം ഇന്ത്യയ്ക്കുള്ളത്. ശതമാനത്തില്‍ മാത്രമല്ല പോയന്റ് കണക്കിലു ഇന്ത്യ തന്നെയാണ് മുന്നില്‍.
70.0 എന്ന വിജയശതമാനവുമായി ന്യൂസീലന്‍ഡാണ് പട്ടികയില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള ഓസീസിന് 69.2 ആണ് വിജയ ശതമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല