ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയും മക്കളും ബലാല്‍സംഗം ചെയ്തെന്ന് ആരോപിച്ചുകൊണ്ട് വനിതാ അംഗരക്ഷകര്‍ രംഗത്തെത്തി. ഗദ്ദാഫിയും മക്കളും ബലാല്‍സംഗം ചെയ്തെന്നും മടുത്തപ്പോള്‍ ഉപേക്ഷിച്ചെന്നും വനിതാ അംഗരക്ഷകര്‍ മനോരോഗ വിദഗ്ദനോട് വെളിപ്പെടുത്തി. വനിത അംഗരക്ഷകരില്‍ പലരെയും ഗദ്ദാഫി പിരിച്ചുവിട്ടിരുന്നു. അതിനെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ഇവരെ ബെംഗാസി അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മനോരോഗ വിദഗ്ദന്‍ ചികിത്സിക്കുകയായിരുന്നു.
മുന്‍ വനിത അംഗരക്ഷകരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ആവശ്യം വന്നാല്‍ അന്താരാഷ്ട്ര കോടതിയില്‍ അവയെല്ലാം ഹാജരാക്കാമെന്നും മനോരോഗ വിദഗ്ദന്‍ പറഞ്ഞു. ഇവരില്‍ പലരെയും ഭീഷണിപ്പെടുത്തിയാണ് വനിതാ അംഗരക്ഷകരാക്കിയതെന്നും സൂചനകളുണ്ട്. തന്റെ സഹോദരനെ മയക്കുമരുന്ന് കേസില്‍ പിടികൂടിയെന്നും വനിതാ സൈന്യത്തില്‍ ചേര്‍ന്നില്ല എങ്കില്‍ അയാളെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ബലാത്സംഗത്തിന് ഇരയായ ഒരു വനിതാ അംഗരക്ഷക പറയുന്നത്.
1970 മുതല്‍ ഏകാധിപതിയുടെ റോളിലേക്ക് മാറിയ ഗദ്ദാഫിയോടൊപ്പം സുന്ദരികളായ അംഗരക്ഷകര്‍ കൂട്ടിനുണ്ട്. പലപ്പോഴും ആക്രമങ്ങളില്‍ വെടിയുണ്ടകളേറ്റ് കൊല്ലപ്പെടുന്ന ഇവരെ ലൈംഗീക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമായിരുന്നുവെന്ന അറിവ് ലിബിയന്‍ ജനതയ്ക്ക് ഗദ്ദാഫിയോടുള്ള വെറുപ്പിന്റെ ആഴം വര്‍ദ്ധിപ്പിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. 1998-ല്‍ ഗദ്ദാഫിക്കെതിരെ നടന്ന ആക്രമണത്തില്‍ ഒരു വനിതാ അംഗരക്ഷക കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല