1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2011

ജീവിച്ചിരിക്കുമ്പോള്‍ എത്രയൊക്കെ ക്രൂരത കാട്ടിയാലും മരണ ശേഷം ചിലരെയൊക്കെ ചരിത്രം വീരപുരുഷന്മാരാക്കിയിട്ടുണ്ട്. ലിബിയയിലെ മുന്‍ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെകാര്യത്തിലും ഇങ്ങനെ വല്ലതും സംഭവിച്ചാല്‍ അതിശയിക്കേണ്ടതില്ല. മിസ്റാത്ത നഗരത്തിലെ ഷോപ്പിംഗ് കോംപ്ളക്സിലെ ശീതീകരണമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗദ്ദാഫിയുടെ മൃതദേഹം കാണാന്‍ കഴിഞ്ഞദിവസവും നൂറു കണക്കിന് ജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പോസ്റുമോര്‍ട്ടത്തിനു ശേഷം വീണ്ടും ജനങ്ങള്‍ക്ക് മൃതദേഹം ദര്‍ശിക്കാന്‍ അവസരം നല്‍കുകയായിരുന്നു. മൃതദേഹം കൈമാറുന്നതു സംബന്ധിച്ച് കേണല്‍ ഗദ്ദാഫിയുടെ ബന്ധുക്കളുമായി ഇടക്കാല സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്

ഇതിനിടെ, ഗദ്ദാഫി ജീവനുവേണ്ടി കെഞ്ചിയെന്നും കൊല്ലാതെ വിട്ടാല്‍ സ്വര്‍ണവും സ്വത്തുക്കളും നല്‍കാമെന്നു വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. ഗദ്ദാഫിയെ ആംബുലന്‍സിലേക്കു കൊണ്ടുപോകുമ്പോള്‍ പലരും മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇത് മിസ്റാത്തയ്ക്കുവേണ്ടിയാണ് നായേ എന്നൊരാള്‍ പറയുന്നതു കേള്‍ക്കാം. ശരിയും തെറ്റും നിങ്ങള്‍ക്ക് തിരിച്ചറിയാമോ എന്നു ഗദ്ദാഫി ചോദിക്കുന്നുണ്ട്. വായടയ്ക്കടാ നായേ എന്ന് ഒരാള്‍ പറയുന്നതും അടിയുടെയും ഇടിയുടെയും ശബ്ദവും വീഡിയോയിലുണ്ട്.

ഇതേസമയം ആംബുലന്‍സില്‍ എത്തിച്ചപ്പോഴേക്കും ഗദ്ദാഫി മരിച്ചുകഴിഞ്ഞെന്നും താന്‍ ഉടനെ മിസ്റാത്തയിലേക്ക് വണ്ടി ഓടിക്കുകയായിരുന്നുവെന്നും ആംബുലന്‍സ് ഡ്രൈവര്‍ അലി ജഗ്ദൂണ്‍ പറഞ്ഞു. ഗദ്ദാഫിയെ കൊല്ലാതെ വിചാരണയ്ക്കു വിധേയനാക്കുകയായിരുന്നു വേണ്ടതെന്ന് ഇടക്കാല പ്രധാനമന്ത്രി ജിബ്രില്‍ പറഞ്ഞു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നു യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ നവി പിള്ള ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഫിലിപ്പ് ഹാമണും നിര്‍ദേശിച്ചു.

യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പക്ഷം തന്റെ മൃതദേഹം ജന്മനാടായ സിര്‍ത്തേയില്‍ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അന്ത്യവിശ്രമസ്ഥലത്തിനടുത്തു കബറടക്കണമെന്ന് ഗദ്ദാഫിയുടെ വില്‍പ്പത്രത്തില്‍ പറയുന്നു. സെവന്‍ ഡേയ്സ് ന്യൂസ് എന്ന വെബ്സൈറ്റിലാണു വില്‍പ്പത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

തന്റെ കുടുംബാംഗങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറണമെന്നും വില്‍പ്പത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശ അക്രമികള്‍ക്കെതിരേയുള്ള പോരാട്ടം തുടരണമെന്നതാണു മറ്റൊരു നിര്‍ദേശം. വിലപേശല്‍ നടത്തി സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അവസരം ലഭിച്ചെങ്കിലും രാജ്യതാത്പര്യം കണക്കിലെടുത്ത് അതു നിരാകരിക്കുകയാണെന്ന് ലോകജനത അറിയണമെന്നും ഗദ്ദാഫി പറഞ്ഞു. ഇതിനിടെ, ലിബിയ വിമോചിതയായെന്നു പ്രഖ്യാപിക്കുന്നതിനു ബംഗാസിയില്‍ പ്രത്യേക യോഗം ചേര്‍ന്നു. തലയ്ക്കേറ്റ വെടിയാണു ഗദ്ദാഫിയുടെ മരണകാരണമെന്ന് പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞു. വയറ്റത്തും വെടിയേറ്റിട്ടുണ്ട്.

സിര്‍ത്തേയിലെ ഓവുചാലില്‍ നിന്നു ജീവനോടെ പിടികൂടിയ ശേഷം ഗദ്ദാഫിയെ വെടിവച്ചുകൊന്നതിന് എതിരേ രോഷം ഉയരുന്നുണ്ട്. ഗദ്ദാഫിയെ വെടിവച്ചെന്ന് അവകാശപ്പെടുന്ന ഒരാളിന്റെ ചുറ്റും ജനങ്ങള്‍ തിക്കിത്തിരക്കുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ, വിമതരുമായുള്ള ഏറ്റുമുട്ടലില്‍ ഗദ്ദാഫിയുടെ സൈനികരില്‍ ഒരാള്‍ വച്ച വെടി അബദ്ധത്തില്‍ കൊണ്ടായിരിക്കും ഗദ്ദാഫി മരിച്ചതെന്ന് ഇടക്കാല പ്രധാനമന്ത്രി ജിബ്രില്‍ അഭിപ്രായപ്പെട്ടു. ഓവുചാലില്‍ നിന്നു പുറത്തെടുത്ത് ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ വിമതരും ഗദ്ദാഫി അനുകൂലികളും തമ്മില്‍ പരസ്പരം വെടിവയ്പുണ്ടായി. ഈ അവസരത്തില്‍ ഗദ്ദാഫിക്ക് വെടിയേറ്റതായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

അതേസമയം ഗദ്ദാഫിയുടെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചു. ഗദ്ദാഫിയുടെ ഉറ്റ ബന്ധുക്കളാരും രാജ്യത്തില്ലാത്ത സാഹചര്യത്തില്‍ അകന്ന ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറുമെന്ന് ഇടക്കാല പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അഹമ്മദ് ജിബ്രില്‍ പറഞ്ഞു. അതിനിടെ, ഗദ്ദാഫി കൊല്ലപ്പെടേണ്ടിയിരുന്നില്ലെന്ന് പ്രധാനമന്ത്രി മുഹമ്മദ് ജിബ്രില്‍ ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗദ്ദാഫി വിചാരണ ചെയ്യപ്പെടണമായിരുന്നു. ലിബിയന്‍ ജനതയോട് എന്തിനിത്ര ക്രൂരത കാണിച്ചുവെന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കേണ്ടതുണ്ടായിരുന്നു.

വിചാരണയില്‍ അദ്ദേഹത്തിന്റെ പ്രോസിക്യൂട്ടര്‍ താനാകണമായിരുന്നുവെന്നും മുഹമ്മദ് ജിബ്രില്‍ പറഞ്ഞു. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താന്‍ തയ്യാറാണെന്നും അന്താരാഷ്ട്രസംഘത്തെ മേല്‍നോട്ടത്തിന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൃതശരീരം എവിടെ എങ്ങനെ അടക്കം ചെയ്യണമെന്ന കാര്യത്തില്‍ ഇടക്കാല സര്‍ക്കാറിനുള്ളില്‍ അഭിപ്രായഭിന്നത ഉള്ളതിനാലും മരണം സംബന്ധിച്ച് അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നതിനാലുമാണ് ശവസംസ്‌കാരം നീണ്ടുപോയത്. മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഖബറിടം എവിടെയെന്നതു പരമാവധി രഹസ്യമാക്കിവെക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കം.

സിര്‍ത്തിലെ ഓവുകുഴലില്‍ നിന്ന് ജീവനോടെ പിടിയിലായ ഗദ്ദാഫി വിമതസേനയുടെ പിടിയിലായതിനുശേഷം കൊല്ലപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശവിഭാഗം മേധാവി നവി പിള്ളയും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലുമാണ് ആദ്യമായി ഈയാവശ്യമുയര്‍ത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.