പാക്കിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ ലഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിനു സമീപം ചാവേര്‍ സ്‌ഫോടനം. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള ചാവേറിന്റെ ശ്രമം ചെറുക്കുന്നതിനിടെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാലു പൊലീസുകാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റതായി പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് ഗദ്ദാഫി സ്റ്റേഡിയത്തിന് പുറത്ത് ചാവേര്‍ പൊട്ടിത്തെറിച്ചത്. ചാവേര്‍ സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ തടഞ്ഞു. സുരക്ഷാ പരിശോധനയില്‍ പിടിക്കുമെന്ന് തോന്നിയപ്പോള്‍ ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനമുണ്ടായെങ്കിലും മല്‍സരത്തിന് തടസ്സമുണ്ടായില്ല. വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടെത്തെറിച്ചെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍, ചാവേറാക്രമണം തന്നെയാണ് സ്‌റ്റേഡിയത്തിനു പുറത്തുണ്ടായതെന്ന് പാക്ക് അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചു.
ആറു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു വിദേശ ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ എത്തുന്നത്. 2009 ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ആക്രമണമുണ്ടായതിന് ശേഷം വിദേശരാജ്യങ്ങള്‍ പാക്ക് പര്യടനത്തിന് അനുമതി നല്‍കിയിരുന്നില്ല. സിംബാബ്‌വെ ടീമിന്റെ സുരക്ഷയ്ക്കായി നാലായിരം പൊലീസുകാരെയാണു നിയോഗിച്ചിട്ടുള്ളത്. മൂന്ന് ഏകദിനങ്ങളും രണ്ടു ട്വന്റി20 മല്‍സരങ്ങളുമാണു സിംബാബ്‌വെയുടെ പര്യടനത്തിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല