വ്യാഴാഴ്ച കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ ഏകാധിപതി കേണല്‍ മുവമ്മര്‍ ഗദ്ദാഫിയുടെ മൃതദേഹം മിസ്റാത്ത നഗരത്തിലെ ഷോപ്പിംഗ് സെന്ററിലുള്ള കോള്‍ഡ് സ്റോറേജിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നു റിപ്പോര്‍ട്ട്. ഇറച്ചിയും പച്ചക്കറികളും മറ്റും കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഈ ഫ്രീസറിന് ഒരു മുറിയുടെ വലുപ്പമുണ്ട്.
രക്തംപുരണ്ട കിടക്കയില്‍ കിടത്തിയിരിക്കുന്ന അര്‍ധനഗ്നമായ മൃതദേഹം നേരില്‍ കണ്ടതായി അസോസിയേറ്റഡ് പ്രസ് ലേഖകന്‍ അറിയിച്ചു. ഒരു ട്രൌസര്‍ മാത്രം ധരിപ്പിച്ചിട്ടുണ്ട്. തലയ്ക്കും നെഞ്ചിലും വയറ്റിലും വെടിയേറ്റിട്ടുണ്ട്. മൃതദേഹം കാണാന്‍ ഷോപ്പിംഗ് കോംപ്ളക്സിനു വെളിയില്‍ മിസ്്റാത്ത നഗരവാസികള്‍ തിക്കും തിരക്കും കൂട്ടി. ഇതിനിടെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച് ദേശീയ പരിവര്‍ത്തന കൌണ്‍സിലില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.
ഇസ്്ലാമിക ആചാര പ്രകാരം 24 മണിക്കൂറിനകം ഗദ്ദാഫിയുടെയും പുത്രന്‍ മുന്റാസിന്റെയും സംസ്കാരം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാല്‍, സംസ്കാര സ്ഥലത്തിന്റെ കാര്യത്തില്‍ ഭിന്നത രൂക്ഷമായി. ജന്മനാടായ സിര്‍ത്തേയില്‍ സംസ്കരിക്കാനായി ഗദ്ദാഫിയുടെ ഗോത്രക്കാര്‍ക്കു മൃതദേഹങ്ങള്‍ കൈമാറണമെന്ന് അഭിപ്രായമുയര്‍ന്നു. മിസ്്റാത്തയില്‍ സംസ്കരിക്കണമെന്നും ആവശ്യമുണ്ടായി. നാറ്റോ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ട് സിര്‍ത്തേയിലെ ഓവുചാലില്‍ ഒളിച്ച ഗദ്ദാഫിയെ കണ്െടത്തിയതും വെടിവച്ചുകൊന്നതും മിസ്്റാത്തയില്‍ നിന്നുള്ള വിമത പോരാളികളായിരുന്നു.
എവിടെ സംസ്കരിച്ചാലും ഭാവിയില്‍ കബറിങ്കലേക്കു ജനപ്രവാഹം ഉണ്ടാവാതിരിക്കാനായി സ്ഥലം രഹസ്യമാക്കി വയ്ക്കണമെന്നും നിര്‍ദേശം വന്നു. ഇതിനിടെ കടലില്‍ സംസ്കാരം നടത്തുന്നതിനെക്കുറിച്ചും ആലോചന യുണ്ടായി. ഈ സാഹചര്യത്തില്‍ ഗദ്ദാഫിയുടെ മൃതദേഹം ഏതാനും ദിവസം ഫ്രീസറില്‍ വയ്ക്കാന്‍ താന്‍ നിര്‍ദേശിച്ചെന്ന് വിമതരുടെ ഇടക്കാല ഭരണകൂടത്തിലെ എണ്ണമന്ത്രി അസി തര്‍ഹൌണി റോയിട്ടേഴ്സിനോടു പറഞ്ഞു. ഗദ്ദാഫി മരിച്ചോ എന്നു സംശയിക്കുന്നവരുടെ സംശയം തീര്‍ക്കാനും ഇതുമൂലം സാധിക്കും.
ഇതിനിടെ, പിടികൂടിയ ശേഷം ഗദ്ദാഫിയെ വെടിവച്ചുകൊന്നതാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇതെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുടെ വക്താവ് ആവശ്യപ്പെട്ടു. സിര്‍ത്തേയിലെ വെടിവയ്പില്‍ ഗദ്ദാഫിയുടെ പുത്രന്‍ മുന്റാസിം കൊല്ലപ്പെട്ടെങ്കിലും മറ്റൊരു പുത്രനായ സയിഫ് അല്‍ ഇസ്്ലാമിനെക്കുറിച്ചു വിവരമില്ല. ഇദ്ദേഹത്തിനു പരിക്കേറ്റെന്നും സ്ളിറ്റാനിലെ ആശുപത്രിയിലുണ്െടന്നും ഒരു വിമത വക്താവു പറഞ്ഞു.
എന്നാല്‍, സയിഫ് നൈജറിലേക്ക് പലായനം ചെയ്തെന്നു മറ്റു ചില കേന്ദ്രങ്ങള്‍ പറഞ്ഞു. ഗദ്ദാഫിയുടെ വധത്തോടെ ലിബിയയിലെ 42 വര്‍ഷത്തെ ഏകാധിപത്യ ഭരണം അവസാനിച്ച സാഹചര്യത്തില്‍ പുതിയ ഇടക്കാല സര്‍ക്കാരിന്റെ കാര്യത്തില്‍ അടുത്തയാഴ്ചയോടെ തീരുമാനമുണ്ടാവുമെന്ന് എണ്ണവകുപ്പു മന്ത്രി തര്‍ഹൌണി വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനത്തിനു താനും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭരണഘടനയ്ക്കു രൂപം കൊടുത്തു തെരഞ്ഞെടുപ്പു നടത്തുന്നതിന് എട്ടുമാസത്തില്‍ക്കൂടുതല്‍ സമയം വേണ്ടിവരുമെന്നാണു കണക്കുകൂട്ടലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗദ്ദാഫിയുഗം അവസാനിച്ച സാഹചര്യത്തില്‍ ലിബിയയിലെ നാറ്റോ ദൌത്യം ഉടന്‍ അവസാനിപ്പിക്കുമെന്നു ഫ്രഞ്ച് വിദേശകാര്യമന്ത്രി അലന്‍ ഷൂപ്പെ വ്യക്തമാക്കി. ലിബിയയിലെ സൈനിക നടപടി പൂര്‍ത്തിയായെന്നും മുഴുവന്‍ പ്രദേശവും ദേശീയ പരിവര്‍ത്തന കൌണ്‍സിലിന്റെ അധീനതയിലായെന്നും പുതിയ ജനാധിപത്യ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ ഫ്രാന്‍സ് ലിബിയയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം ഒരു റേഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല