വിമത മുന്നേറ്റത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ലിബിയന്‍ നേതാവ് മു അമര്‍ ഗദ്ദാഫിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും അയല്‍രാജ്യമായ അള്‍ജീരിയ അഭയം നല്‍കി. യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെയും ലിബിയയിലെ വിമത സര്‍ക്കാറിനെയും അള്‍ജീരിയന്‍ അധികൃതര്‍തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ, ഗദ്ദാഫിയുടെ മകനും ഖമിസ് ബ്രിഗേഡ് എന്ന സൈനികവിഭാഗത്തിന്റെ തലവനുമായ ഖമിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി വിമതനേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെറുത്തുനില്‍പ്പ് തുടരുന്ന സിര്‍ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശനിയാഴ്ചയോടെ ഗദ്ദാഫി അനുകൂലികള്‍ കീഴടങ്ങണമെന്നും അല്ലെങ്കില്‍ ശക്തമായ സൈനിക നടപടി നേരിടേണ്ടിവരുമെന്നും വിമതര്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
ഗദ്ദാഫിയുടെ ഭാര്യ സഫിയയും മക്കളായ ഹാനിബാള്‍, മുഹമ്മദ്, അയിഷ എന്നിവരും കൊച്ചുമക്കളും തിങ്കളാഴ്ച രാവിലെ പ്രാദേശികസമയം 8.30 ഓടെയാണ് അള്‍ജീരിയയിലെത്തിയത്. ഇല്ലിസി പ്രവിശ്യയിലെ ടിനാല്‍കം അതിര്‍ത്തിയിലെത്തിയ ഗദ്ദാഫികുടുംബത്തിന് അള്‍ജീരിയയുടെ പ്രവേശനാനുമതി കിട്ടാന്‍ 12 മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നു. ഗദ്ദാഫിയുടെ മകള്‍ അയിഷ പൂര്‍ണഗര്‍ഭിണിയാണെന്ന പരിഗണനവെച്ചാണ് ഒടുവില്‍ 31 അംഗ സംഘത്തെ രാജ്യത്തേക്ക് കടത്തിവിട്ടതെന്നും രാജ്യത്തെത്തി ഏതാനും മണിക്കൂറിനുള്ളില്‍ അയിഷ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും അള്‍ജീരിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാന്‍ കഴിയുന്നതുവരെ ഗദ്ദാഫി കുടുംബാംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് അള്‍ജീരിയയുടെ നീക്കമെന്നാണ് സൂചന. അഭയം തേടിവരുന്നവരെ തള്ളാന്‍ കഴിയില്ലെന്ന വിശുദ്ധനിയമം പിന്തുടരുന്ന രാജ്യമാണ് തങ്ങളുടേതെന്ന് യു.എന്നിലെ അള്‍ജീരിയന്‍ അംബാസഡര്‍ മുറാദ് ബെന്‍മിഹിതി പറഞ്ഞു.
ഗദ്ദാഫി കുടുംബത്തെ സംരക്ഷിക്കാനുള്ള അള്‍ജീരിയയുടെ തീരുമാനം അതിക്രമമാണെന്നും അവരെ വിട്ടുകൊടുക്കണമെന്നും വിമതനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ച ഗദ്ദാഫി ഉള്‍പ്പെടെയുള്ള ആരും സംഘത്തിലില്ല എന്ന മറുപടിയാണ് അള്‍ജീരിയ നല്‍കിയിട്ടുള്ളത്. ലിബിയയിലെ വിമതര്‍ നേതൃത്വം നല്‍കുന്ന ദേശീയ പരിവര്‍ത്തന സമിതിയെ അള്‍ജീരിയ ഇതുവരെ അംഗീകരിച്ചിട്ടുമില്ല. ഗദ്ദാഫിയും കുടുംബവും രണ്ടുദിവസം മുമ്പ് അള്‍ജീരിയന്‍ അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗദ്ദാഫി എവിടെയെന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ വിമത സൈന്യത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
അതിനിടെ, വെള്ളിയാഴ്ച ഗദ്ദാഫിയും മകന്‍ ഖമിസും മകള്‍ അയിഷയും ട്രിപ്പോളിയില്‍ കൂടിക്കാഴ്ച നടത്തിയതായി ഖമിസിന്റെ അംഗരക്ഷകനായ യുവാവ് വെളിപ്പെടുത്തിയതായി ബ്രിട്ടനിലെ സൈ്ക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോടെ കാറിലെത്തിയ ഗദ്ദാഫി ഖമിസുമായി സംസാരിക്കുന്നതിനിടെയാണ് മകള്‍ അയിഷ എത്തിയത്. ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സബ നഗരത്തിലേക്കാണ് അവിടെനിന്ന് ഇവര്‍ പോയതെന്നും യുവാവ് പറഞ്ഞതായി സൈ്ക ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ട്രിപ്പോളിക്ക് 80 കിലോമീറ്റര്‍ അകലെയുള്ള തര്‍ഹൂനയിലാണ് ഖമിസ് കൊല്ലപ്പെട്ടതെന്നും മൃതദേഹം മറവുചെയ്തതെന്നും വിമത സര്‍ക്കാറിലെ നിയമ -മനുഷ്യാവകാശ മന്ത്രി മുഹമ്മദ് അല്‍ അലാഗെയാണ് വെളിപ്പെടുത്തിയത്. വിമത സര്‍ക്കാര്‍ വക്താവ് മുഹമ്മദ് ഷമാമും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തര്‍ഹൂനയില്‍ കഴിഞ്ഞ ശനിയാഴ്ച സൈനിക അകമ്പടിയോടെ പോവുകയായിരുന്ന വാഹനവ്യൂഹം തടയാനുള്ള ശ്രമത്തിനിടെ വിമതസേനയ്‌ക്കെതിരെ വന്‍ ആക്രമണമുണ്ടായെന്നും തുടര്‍ന്നുനടത്തിയ പ്രത്യാക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടുവെന്നുമാണ് വിമതനേതാക്കള്‍ പറയുന്നത്. ഈ വാഹനങ്ങളിലൊന്നില്‍ ഖമിസ് ഉണ്ടായിരുന്നുവെന്നുവേണം കരുതാനെന്നും അവര്‍ പറയുന്നു. എന്നാല്‍ ഖമിസ് കൊല്ലപ്പെട്ടതായുള്ള തെറ്റായ വാര്‍ത്തകള്‍ നേരത്തേയും പുറത്തുവന്നിരുന്നു. ഗദ്ദാഫിയുടെ മക്കളായ മുഹമ്മദും സയിഫ് അല്‍ ഇസ്‌ലാമും അറസ്റ്റിലായെന്ന വിമതരുടെ അവകാശവാദവും തെറ്റെന്ന് പിന്നീട് തെളിഞ്ഞിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല