1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

ഗദ്ദാഫി കൊല്ലപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്ര വിമര്‍ശനം രൂക്ഷമായതിനെ തുടര്‍ന്നു കേണല്‍ മുവാമര്‍ ഗദ്ദാഫിയുടെ ഘാതകരെ വിചാരണ ചെയ്യുമെന്ന് ലിബിയയിലെ ഇടക്കാല ഭരണസമിതി വ്യക്തമാക്കി. ഗദ്ദാഫി ഘാതകരെ വിചാരണ ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെടുന്നതു വരെ ലിബിയ കാത്തു നില്‍ക്കില്ലെന്ന് ഇടക്കാല ഭരണസമിതി ഉപാധ്യക്ഷന്‍ അബ്ദുള്‍ ഹഫീസ് ഗോഹ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നു ബെങ്ഹാസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്നതിനു വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. ഗദ്ദാഫിയെ വധിച്ചതു സൈന്യമോ വിമതരോ അല്ല. ആരൊക്കെയോ സ്വന്തം നിലയ്ക്കു നടത്തിയ അതിക്രമമാണതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, തന്നെ ലിബിയയില്‍ നിന്നു രക്ഷപെടുത്താന്‍ വിമാനം അയക്കണമെന്നു കേണല്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം. ലിബിയന്‍ മരുഭൂമിയില്‍ എവിടെയോ ഒളിച്ചു കഴിയുന്ന സെയ്ഫ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) യില്‍ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചെന്ന് ഇടക്കാല ഭരണകൂടം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഗദ്ദാഫിയുടെ രഹസ്യാന്വേഷണ വകുപ്പു മേധാവി അബ്ദുള്ള അല്‍ സെനൂസിയും കീഴടങ്ങല്‍ സന്നദ്ധത പ്രകടിപ്പിച്ചു. ലിബിയയില്‍ നിന്നു പലായനം ചെയ്ത സെനൂസി ഇപ്പോള്‍ നൈജറിലാണ്.

വിമാനം അയക്കണമെന്ന് ആരോടാണു സെയ്ഫ് അഭ്യര്‍ഥിച്ചതെന്നു വ്യക്തമല്ല. ലിബിയന്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സ്വീകരിച്ച നടപടിയുടെ പേരില്‍ സെയ്ഫിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വോറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന സന്ദേശം ലഭിച്ചിട്ടില്ലെന്ന് ഐസിസി. ഗദ്ദാഫി കുടുംബത്തിന്‍റെ അഭിഭാഷകനെന്ന് അവകാശപ്പെട്ടയാളും സെയ്ഫിന്‍റെ കീഴടങ്ങല്‍ സന്നദ്ധതയെക്കുറിച്ചു പ്രതികരിച്ചില്ല. ഗദ്ദാഫി കൊല്ലപ്പെട്ട സംഭവത്തില്‍ നാറ്റോയ്ക്കെതിരേ യുദ്ധക്കുറ്റത്തിനു കേസു കൊടുക്കുമെന്ന് അഭിഭാഷകന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.