ജനാധിപത്യ പ്രക്ഷോഭകാരികളോട് പരാജയം ഏറ്റുവാങ്ങിയ ലിബിയന്‍ ഭരണാധികാരി മു അമര്‍ ഗദ്ദാഫിയുടെ മകന്‍ സാദി ഗദ്ദാഫിക്ക് അയല്‍രാജ്യമായ നൈജര്‍ അഭയം നല്‍കി. സാദി കഴിഞ്ഞ ദിവസം തലസ്ഥാനനഗരിയായ നിയാമിയിലെത്തിയതായി നൈജര്‍ നിയമ മന്ത്രി മരൗ അമദൗ സ്ഥിരീകരിച്ചിട്ടുണ്ട്.
ലിബിയയിലെ ജനാധിപത്യ പ്രക്ഷോഭകാരികളുമായി അനുരഞ്ജനത്തിലെത്താന്‍ വാദിച്ചിരുന്ന സാദി പലപ്പോഴും പാശ്ചാത്യ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്നയാളാണ്. ഗദ്ദാഫിയും മറ്റൊരു മകനായ സെയ്ഫ് അല്‍ ഇസ്‌ലാമും വിമത പോരാളികള്‍ക്കെതിരെ മരണം വരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ അതിനോട് വിയോജിക്കുകയാണ് സാദി ചെയ്തത്. ലിബിയയുടെ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സാദി സിനിമാവ്യവസായത്തില്‍ വന്‍ തുക നിക്ഷേപമിറക്കിയിട്ടുണ്ട്. സാദിയും ലിബിയ വിട്ടതോടെ സെയ്ഫ് അല്‍ ഇസ്‌ലാമും ഏതാനും ഉറ്റ ബന്ധുക്കളും മാത്രമാണ് ഇപ്പോള്‍ ഗദ്ദാഫിക്കൊപ്പമുള്ളത്. ഭാര്യയും മകള്‍ അയിഷയും ഉള്‍പ്പെടെ 31 കുടുംബാംഗങ്ങള്‍ നേരത്തേ അള്‍ജീരിയയില്‍ അഭയം തേടിയിരുന്നു.
തലസ്ഥാനനഗരിയായ ട്രിപ്പോളി വിമതരുടെ നിയന്ത്രണത്തിലെത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും ഗദ്ദാഫി എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ലിബിയയില്‍ പോരാടി മരിക്കുമെന്നാണ് ഗദ്ദാഫി പ്രഖ്യാപിച്ചിട്ടുള്ളത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനി ബിസൗ ഗദ്ദാഫിക്ക് അഭയം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗദ്ദാഫി അനുകൂലികളുടെ നിയന്ത്രണത്തില്‍ തുടരുന്ന ബാനിവാലിദില്‍ രൂക്ഷ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആയിരത്തോളം ഗദ്ദാഫി അനുകൂലികള്‍ ശക്തമായ ചെറുത്തുനില്‍പ്പ് തുടരുന്നതിനാല്‍ വിമതസൈന്യത്തിന് ഇനിയും പട്ടണമധ്യത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഗദ്ദാഫിയുടെ ജന്മനാടായ സിര്‍ത്തിലും പോരാട്ടം തുടരുകയാണ്. തീരദേശ നഗരമായ റാസ് ലനൂഫിലെ എണ്ണ ഖനിയില്‍ ഗദ്ദാഫി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സിര്‍ത് ഭാഗത്ത് നിന്ന് 15 ട്രക്കുകളിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് എണ്ണഖനി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല