കുട്ടിക്കാലത്ത് പ്രശസ്തയാവണമെന്ന് ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്ത, വിപ്ലവകാരിയായ സ്കൂള്‍കുട്ടിയായിരുന്നു സ്റ്റെഫാനി ജെര്‍മനോട്ട. അങ്ങനെയൊരു പേരു പറഞ്ഞാല്‍ എല്ലാവരും അറിയണമെന്നില്ല. ആഗ്രഹിച്ചതും അതിനപ്പുറവും ചെറിയ പ്രായത്തില്‍ സ്വന്തമാക്കിയ ലേഡി ഗാഗയെന്നു കേട്ടാല്‍ ആരാണ് ഇന്നറിയാത്തത്.
പതിനാറു മുതല്‍ ഇരുപത്തിരണ്ടു വയസുവരെയുള്ള ഗാഗയുടെ ജീവിതം സിനിമയാകുന്നു. ഫെയിം മോണ്‍സ്റ്റര്‍ – ദ ലേഡി ഗാഗ സ്റ്റോറി എന്ന പേരില്‍ നോര്‍മന്‍ സ്നൈഡര്‍ എഴുതുന്ന കഥ ഒരു അമേരിക്കന്‍ ടിവി ചാനലാണ് വെള്ളിത്തിരയിലെത്തിക്കുന്നത്. 2010ല്‍ പുറത്തിറങ്ങിയ പോക്കര്‍ ഫെയ്സ് – ദ റൈസ് ആന്‍ഡ് റൈസ് ഒഫ് ലേഡി ഗാഗ എന്ന പുസ്തകമാണ് പ്രചോദനം.
കറുത്ത മുടിയുള്ള, ടാലന്‍റഡായ, ആഗ്രഹങ്ങള്‍ ഒരുപാടുള്ള ഒരു സ്കൂള്‍ കുട്ടിയില്‍ നിന്ന് ഗാഗ വളര്‍ന്നിരിക്കുന്നു. കഴിവിനു പുറമേ എല്ലാവരും ശ്രദ്ധിക്കപ്പെടാന്‍ മാറ്റം ആവശ്യമാണെന്നു തിരിച്ചറിഞ്ഞ ഗാഗയുടെ ട്രാന്‍സ്ഫമേഷന്‍ സിനിമയിലും അവതരിപ്പിക്കുന്നു. ചിത്രവുമായി ലേഡി ഗാഗ സഹകരിക്കുന്നില്ലെങ്കിലും ആ പേരിലുള്ള ചിത്രം വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തില്‍ ഗാഗയെ അവതരിപ്പിക്കാന്‍ നടിയെ തേടുകയാണ് ചാനല്‍ അധികൃതര്‍.
ഗാഗയുടെ ശരീരഘടനയുമായി സാമ്യമുള്ള, പതിനാറിനും ഇരുപത്തിരണ്ടിനും ഇടയില്‍ പ്രായവ്യത്യാസം മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന നടിമാരെ തേടുന്നു. പാടാന്‍ അറിയുന്നവര്‍ക്കു മുന്‍ഗണന. എന്നാല്‍, ഈ കാര്യത്തില്‍ നിര്‍ബന്ധമില്ല, എന്നാണ് കാസ്റ്റിങ് സ്റ്റേറ്റ്മെന്‍റിലെ വിവരണം. ഗാഗ ചിത്രം പുറത്തുവരുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ആരാധകരുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ചാനല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല