സ്വന്തം ലേഖകൻ: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ യാത്രികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി പ്രഖ്യാപിക്കുമ്പോള്‍ മലയാളിക്ക് അഭിമാനനിമിഷമായിരുന്നു. ഒന്നാമതായി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പേരുയര്‍ന്നപ്പോള്‍ അഭിമാനം ഇരട്ടിയായി. പാലക്കാട് നെന്മാറ സ്വദേശിയാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍.
സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് പ്രശാന്ത് നായര്‍. നാഷണല്‍ ഡിഫെന്‍സ് അക്കാദമിയിലെ പഠനത്തിന് ശേഷം പ്രശാന്ത് നായര്‍ 1999-ല്‍ കമ്മിഷന്‍ഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.
‘പ്രശാന്ത് ബാലകൃഷ്ണന്‍ നായരെന്ന് ടിവിയില്‍ പേരും അവന്റെ ചിത്രവും വന്നപ്പോള്‍ സന്തോഷംകൊണ്ട് കണ്ണില്‍ വെള്ളം നിറഞ്ഞു. ഞങ്ങളുടെ മൊട്ടക്കുട്ടിയാണവന്‍, തലയില്‍ മുടിവെക്കാറില്ല’ പ്രശാന്ത് നായരുടെ നന്മാറയിലെ വീടിന് സമീപത്തെ പ്രായമായ സ്ത്രീ പറഞ്ഞു.
നെന്‍മാറ സ്വദേശി വിളമ്പില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനായ പ്രശാന്തിന്റെ ചെറുപ്പകാലം കുവൈത്തിലായിരുന്നു. തുടര്‍ന്ന് പല്ലാവൂര്‍ സ്‌കൂളിലും പാലക്കാട് എന്‍എസ്എസ് കോളേജിലും തുടര്‍പഠനം.
പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരിക്കെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) ചേര്‍ന്നു. 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയില്‍നിന്ന് ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല