സ്വന്തം ലേഖകൻ: : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം പുതിയ ആശയം പങ്കുവെച്ചിരിക്കുന്നത്.
ഗാന്ധിജിയെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞ വാക്കുകളെ ആധാരമാക്കിയാണ് മോദി ഇത്തരത്തില്‍ ഒരു ചലഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ലെന്നായിരുന്നു ഐന്‍സ്റ്റീന്റെ വാക്കുകള്‍.
ഗാന്ധിയോടുള്ള ആദരസൂചകമായി താന്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് എന്ന ആശയം മുന്നോട്ടുവെക്കുകയാണെന്ന് അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ‘ഭാവിതലമുറ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ഓര്‍ത്തിരിക്കുമെന്ന് എങ്ങനെ ഉറപ്പാക്കാനാവും എന്നതാണ് ചലഞ്ച്. ഗാന്ധിയന്‍ ആദര്‍ശങ്ങളും ആശയങ്ങളും നവീനരീതിയില്‍ പ്രചരിപ്പിക്കാന്‍ ചിന്തകരെയും സംരംഭകരെയും സാങ്കേതികവിദഗ്ധരെയും ഞാന്‍ ക്ഷണിക്കുന്നു’- എന്തുകൊണ്ട് ഇന്ത്യയ്ക്കും ലോകത്തിനും ഗാന്ധിയെ വേണം എന്ന ലേഖനത്തില്‍ മോദി പറയുന്നു.
ഒരു നുള്ള് ഉപ്പ് കൊണ്ട് ഒരു മഹാപ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആര്‍ക്കുകഴിയുമെന്നായിരുന്നു ദണ്ഡി മാര്‍ച്ചിനെ പ്രതിപാദിച്ചുള്ള മോദിയുടെ വാക്കുകള്‍. രാജ്യത്തെ നയിക്കുന്ന ഒരു മികച്ച അധ്യാപകനാണ് ഗാന്ധിയെന്നും പ്രധാനമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ശുചിത്വപദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രിയപ്പെട്ട ബാപ്പു, ലോകം നിങ്ങള്‍ക്കുമുന്നില്‍ വണങ്ങുന്നു എന്ന വാചകത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലേഖനം അവസാനിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല