ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിനുള്ളില്‍ സ്ഥാപിക്കുന്നതിന് നടത്തിയ ധന സമാഹരണത്തില്‍ ഇതുവരെ ഒരു മില്യന്‍ പൗണ്ട് ലഭിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. മാര്‍ച്ച് 14ഓടെ മഹാത്മാ ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്റ് സ്‌ക്വയറില്‍ സ്ഥാപിക്കും. ഇന്ത്യയെ പ്രതിനിധികരിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യയ്ക്കും ബ്രിട്ടനുമപ്പുറം ലോക ജനതയ്ക്ക് ഗാന്ധി പഠിപ്പിച്ചു നല്‍കിയ അഹിംസയുടെ മൂല്യം സ്മരിച്ചുകൊണ്ടും ഇരു രാജ്യങ്ങളുടെയും ചരിത്രം എന്നും ഓര്‍മിക്കപ്പെടുന്നതിനുമാണ് ഗാന്ധി പ്രതിമ പാര്‍ലമെന്റ് സ്‌ക്വയറിനുള്ളില്‍ സ്ഥാപിക്കുന്നതെന്ന് കാമറൂണ്‍ വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കാന്‍ ഇത് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിമയുടെ പണി പൂര്‍ത്തിയായാല്‍ രാജ്യത്തെ രണ്ടാമത്തെ ഗാന്ധി പ്രതിമയായിരിക്കും ഇത്. 1968ല്‍ ടാവിസ്‌റ്റോക്ക് സ്‌ക്വയറിലാണ് ബ്രിട്ടനില്‍ ഗാന്ധിയുടെ ആദ്യ പ്രതിമ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിന് രാജ്യത്തു നിന്നും കൂടാതെ ലോകമെമ്പാടുനിന്നുമായി 100 മുതല്‍ ആയിരം പൗണ്ടുകള്‍ വരെ സംഭാവനയായി ലഭിച്ചതായി പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മേഘനാദ് ദേശായി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല