സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ മുഖം പതിച്ച മെതിയടി വില്‍പ്പനക്ക്, ആമസോണ്‍ വീണ്ടും വിവാദക്കുരുക്കില്‍. ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്ന ചവിട്ടി വില്‍പ്പനക്കുവച്ചത് വിവാദമായതിനു പിന്നാലെയാണ് മഹാത്മ ഗാന്ധിയുടെ ചിത്രമുള്ള മെതിയടിയുമായി ആമസോണ്‍ വീണ്ടും രംഗത്തെത്തിയത്. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന് ദേശീയ പതാകയെ അവഹേളിക്കുന്ന ചവിട്ടി ആമസോണ്‍ പിന്‍വലിച്ചിരുന്നു.
ഗാന്ധി മെതിയടി എന്ന പേരില്‍ അവതരിപ്പിച്ച ചെരുപ്പിന് 1100 രൂപയാണ് ആമസോണ്‍ വിലയിട്ടിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മെതിയടി ഇറക്കുക വഴി ഒരിക്കല്‍ കൂടെ ആമസോണ്‍ ഇന്ത്യന്‍ സംസ്‌കാരത്തെയും രാഷ്ട്രപിതാവിനെയും അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
‘ഗാന്ധി ഫ്‌ളിപ് ഫ്‌ളോപ്‌സ്’ എന്ന പേരിലാണ് ആമസോണ്‍ ഡോട്ട് കോമില്‍ ചെരുപ്പ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നേരത്തെ ആമസോണ്‍ അധികൃതരുടെ ഇന്ത്യന്‍ വിസ നിഷേധിക്കുമെന്ന് സുഷമ സ്വരാജ് മുന്നറിയിപ്പു നല്‍കിയപ്പോഴാണ് ചവിട്ടി പിന്‍വലിക്കാന്‍ ആമസോണ്‍ തയ്യറായത്. ദേശീയ പതാകയെ അപമാനിക്കുന്ന ഉല്‍പന്നം പിന്‍വലിച്ച് ആമസോണ്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല