മഹാത്മാഗാന്ധിക്ക് യു. എസ്സിലെ ക്രൈസ്തവസഭ മരണാനന്തരം ജ്ഞാനസ്‌നാനം നല്‍കിയെന്ന സഭാ ഗവേഷകയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദമാകുന്നു. അമേരിക്കയിലെ വളര്‍ന്നുവരുന്ന ക്രൈസ്തവ വിഭാഗമായ മോര്‍മോണ്‍ സഭയ്‌ക്കെതിരെയാണ് വെളിപ്പെടുത്തല്‍. ഗാന്ധിയുടെ സ്ഥാനത്തുനിന്ന് മറ്റൊരാളാണ് മാമോദീസ സ്വീകരിച്ചതെന്നും മുന്‍ മോര്‍മോണ്‍ സഭാംഗം കൂടിയായ ഗവേഷകയുടെ വിശദീകരണത്തിലുണ്ട്.
മരണാനന്തരം പ്രതിപുരുഷന്മാരെവെച്ച് ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട ജൂതന്‍മാരെക്കുറിച്ച് ഗവേഷണം നടത്തുന്ന ഹെലന്‍ റാഡ്കിയാണ് ഗാന്ധിജിയുടെ മാമോദീസ കഴിഞ്ഞതിന്റെ രേഖകള്‍ കണ്ടിട്ടുണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. ഒട്ടേറെ ഹിന്ദുക്കളുടെ പേരില്‍ ഈ ആചാരം നടത്തിയിട്ടുണ്ടാകാം എന്ന യു.എസ്സിലെ ഹൈന്ദവപ്രവര്‍ത്തകന്‍ രാജന്‍ സെഡിന്റെ ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച മോര്‍മോണ്‍ സഭാ രേഖകള്‍ ഹെലന്‍ പരിശോധിച്ചത്.
1996 മാര്‍ച്ച് 27 ന് സാള്‍ട്ട് ലേക്ക് ക്ഷേത്രത്തില്‍ വെച്ച് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മാമോദീസ മുക്കിയെന്നും പീന്നിട് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഗാന്ധിയുടെ പേരു മാറ്റി തത്സ്ഥാനത്ത് മറ്റൊരു പേര് ചേര്‍ത്തെന്നുമാണ് ഹെലന്‍ പറയുന്നത്. മോര്‍മോണ്‍ സഭാകേന്ദ്രങ്ങള്‍ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.
വാര്‍ത്ത തന്നെ അതിശയിപ്പിച്ചതായി ഗാന്ധിയുടെ കൊച്ചുമകന്‍ അരുണ്‍ ഗാന്ധി ന്യൂയോര്‍ക്കില്‍ പറഞ്ഞു. ഏത് മതാചാരം പിന്തുടരണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ താത്പര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധിച്ചു.
മോര്‍മോണ്‍ സഭാരീതിയനുസരിച്ച് മരണാനന്തരം മാമോദീസ നല്‍കുന്നത് സഭാവിശ്വാസത്തില്‍ കൂട്ടുന്നതിന് തുല്യമാണ്. മരിച്ച ആള്‍ക്കുപകരം മറ്റൊരാളാണ് മാമോദീസ സ്വീകരിക്കുക. പ്രത്യേക മോര്‍മോണ്‍ സഭാലയങ്ങളില്‍ മാത്രമാണ് ഈ ആചാരം നടക്കുന്നത്- ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനിയില്‍ നാസി ഭീകരതയ്ക്കിരയായ ജൂതബാലിക ആന്‍ ഫ്രാങ്കിനെ മോര്‍മോണ്‍ സഭ ഇത്തരത്തില്‍ മാമോദീസ മുക്കിയതായി റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല