കെ.ബി. ഗണേഷ് കുമാറിനെ അനുകൂലിക്കുന്നവര്‍ കൊല്ലം കേന്ദ്രമാക്കി ഗണേഷ് കുമാര്‍ ജനകീയവേദി എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഇത് ഒരു സാംസ്‌കാരിക സംഘടനയാണെന്നും കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്റെയും മന്ത്രി ഗണേഷിന്റെയും പിന്നില്‍ അടിയുറച്ചു നില്‍ക്കുമെന്നുമാണ് സംഘടനയ്ക്ക് രൂപം നല്‍കിയവരുടെ വാദം. എന്നാല്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള ഗണേഷിന്റെ ശ്രമങ്ങളുടെ തുടക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
കേരള കോണ്‍ഗ്രസ് (ബി)യില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട പേരൂര്‍ സജീവാണ് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ്.ഗണേഷ് അനുകൂല പ്രകടനം നടത്തിയതിന് സജീവിനൊപ്പം പുറത്താക്കപ്പെട്ട കരിക്കോട് ജമീര്‍ലാലാണ് ജനറല്‍ സെക്രട്ടറി. സംഘടനയുടെ ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലെ പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി ചെയര്‍മാനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലാതായെന്നും ഇവര്‍ ആരോപിച്ചു.
അതേസമയം കേരളാ കോണ്‍ഗ്രസ് (ബി) യില്‍ പോരു രൂക്ഷമായിരിക്കെ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ളയും മന്ത്രി ഗണേഷ്‌കുമാറും സമവായ ചര്‍ച്ചകള്‍ക്കു പിടികൊടുക്കാതെ വിദേശത്തേക്ക്. മന്ത്രി ഗണേഷ്‌കുമാര്‍ ഫിലിം ഫെസ്‌റ്റിനായി ഇന്നു ദുബായിലേക്കു വിമാനം കയറുമ്പോള്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ പിള്ള നാളെ മസ്‌ക്കറ്റിലേക്കു യാത്രയാകും.
വിദേശപര്യടനം കഴിഞ്ഞെത്തുന്ന മുറയ്‌ക്ക് അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നാണു യു.ഡി.എഫ്. നേതൃത്വം കണക്കുകൂട്ടുന്നത്. ഇന്നലെ പാര്‍ട്ടി ചെയര്‍മാന്‍ തിരുവനന്തപുരം പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിട്ടും യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്തില്ല. പനിയാണെന്നു പറഞ്ഞാണു മാറിനിന്നത്. അതേസമയം, ചാനലിന് അഭിമുഖം നല്‍കാന്‍ പിള്ള സമയം കണ്ടെത്തി.
യോഗത്തില്‍ പങ്കെടുത്താല്‍ യു.ഡി.എഫ്. നേതൃത്വത്തിനു മുന്നില്‍ പ്രശ്‌നങ്ങളെല്ലാം അടിയറവയ്‌ക്കേണ്ടി വരുമെന്നതിനാലാണു പോകാതിരുന്നത്. പിള്ള ജയിലിലായിരുന്നപ്പോള്‍ യു.ഡി.എഫ്. യോഗങ്ങളില്‍ എത്തിയിരുന്നതു ഗണേഷ്‌കുമാര്‍ ആയിരുന്നു. വൈസ് ചെയര്‍മാന്‍ സ്‌ഥാനത്തുനിന്നു നീക്കിയതോടെ യോഗത്തില്‍ പങ്കെടുക്കാനും കഴിയാത്ത അവസ്‌ഥയിലാണു ഗണേഷ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല