1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

ലണ്ടന്‍: ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം നടത്തിയ മലയാളി അത്‌ലറ്റ് കെ.ടി. ഇര്‍ഫാന് കേരള സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ തയ്യാറാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കി. ‘ഇര്‍ഫാനു വേണ്ടി കേരള സര്‍ക്കാറിന് ചെയ്യാനാവുന്നതെല്ലാം ചെയ്യും. നല്ല ജോലി കൊടുക്കും. അദ്ദേഹത്തെ ദത്തെടുക്കും. നടത്തത്തില്‍ ലോകത്ത് ലഭ്യമാകുന്ന ഏറ്റവും മികച്ച പരിശീലകനെത്തന്നെ നല്‍കും. പരിശീലകനെ കേരളത്തിലേക്ക് വരുത്തുകയോ ഇര്‍ഫാനെ വിദേശത്തേക്ക് അയയ്ക്കുകയോ ചെയ്യും. ഇതിനുവേണ്ടി എത്ര പണം മുടക്കാനും തയ്യാറാണ്. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കും’

നടത്തത്തില്‍ ഇര്‍ഫാന്‍ ഒളിമ്പിക് വേദിയില്‍ നേടിയ പത്താം സ്ഥാനം നമ്മളെ സംബന്ധിച്ച് വളരെ വലുതാണ്. കേരളം ഇര്‍ഫാന്റെ കാര്യത്തില്‍ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. അടുത്ത ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടാന്‍ ഇര്‍ഫാനു കഴിയും. അതിനുവേണ്ടി അദ്ദേഹത്തെ പ്രാപ്തനാക്കിയെടുക്കുക എന്ന ചുമതലയാണ് കേരള സര്‍ക്കാറിന് നിര്‍വഹിക്കാനുള്ളത്. അതു ചെയ്യും, എത്ര കോടികള്‍ മുടക്കിയിട്ടാണെങ്കിലും. പി.ടി. ഉഷയ്ക്ക് നാട്ടില്‍ ലഭിച്ച പരിശീലനം മികച്ചതു തന്നെയായിരുന്നു. പക്ഷേ, വേണ്ടത്ര വിദേശ പരിശീലനം കിട്ടിയിരുന്നെങ്കില്‍ ഉഷ ഉറപ്പായും ഒരു ഒളിമ്പിക് മെഡല്‍ നേടുമായിരുന്നു. ഇര്‍ഫാന് ആര്‍മിയില്‍ ഒരു ചെറിയ ജോലിയാണുള്ളത്. കേരളത്തില്‍ നല്ല ജോലിതന്നെ നല്‍കും. ഇര്‍ഫാനും അത് സമ്മതമാണെന്ന് മന്ത്രി വ്യക്തമാക്കി. മയൂഖാ ജോണിക്ക് വേണ്ടിയും എന്തു സൗകര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ തയ്യാറാണ്.

അടുത്ത ദേശീയ ഗെയിംസിന് ആതിഥ്യമരുളുന്നത് കേരളമാണ്. അതിനുവേണ്ടി ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സംഘാടനം കണ്ടുപഠിക്കുകയാണ് മന്ത്രിയും സംഘവും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസും സ്‌പോര്‍ട്‌സ് സെക്രട്ടറി ശിവശങ്കറുമാണ് മന്ത്രിക്കൊപ്പം ലണ്ടനിലുള്ളത്. ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഇവിടെക്കണ്ട കാര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തുമെന്ന് ഗണേഷ് വ്യക്തമാക്കി.

എല്ലാവിധ ചിട്ടകളോടെയും നടക്കുന്ന ഒളിമ്പിക്‌സില്‍ നിന്ന് നമുക്കു പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. താമസം, ഭക്ഷണം, വെളിച്ചസംവിധാനം, ഗതാഗതം, വേദികളുടെ നിര്‍മാണം ഇങ്ങനെ എണ്ണമറ്റ കാര്യങ്ങള്‍ ലണ്ടന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു വ്യക്തമായി. വേദികളില്‍ ഭൂരിഭാഗവും താത്കാലികമായി കെട്ടിയുയര്‍ത്തിയതാണ്. ഒളിമ്പിക്‌സ് കഴിഞ്ഞാല്‍ അവ പൊളിച്ചുനീക്കും. ഒളിമ്പിക് സ്റ്റേഡിയത്തിലെ ഭൂരിഭാഗം സീറ്റുകളും ഈ വര്‍ഷം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. ബോക്‌സിങ്ങും ഗുസ്തിയും നടക്കുന്ന എക്‌സല്‍ എന്ന വേദി വിസ്മയിപ്പിക്കുന്നതാണ്. ഒരു സര്‍ക്കസ് തമ്പു പോലെ അതു തോന്നിച്ചു. ഒരു വ്യാപാര കേന്ദ്രത്തെ ഒളിമ്പിക് വേദിയാക്കി മാറ്റിയിരിക്കുകയാണ്.

ഗെയിംസ് വില്ലേജില്‍ താന്‍ പോയിരുന്നു. ഇരുന്നൂറോളം രാജ്യങ്ങളിലെ അത്‌ലറ്റുകളെയും സംഘത്തെയും അവര്‍ സമര്‍ഥമായി കൈകാര്യം ചെയ്യുന്നു. ഇത് ദേശീയ ഗെയിംസ് നടത്തിപ്പിലും പാഠമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.