
സ്വന്തം ലേഖകൻ: കഴിഞ്ഞമാസം ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലുള്ള ഹന്‍സ്ദിഹയില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി ദുരനുഭവം വിവരിച്ചുകൊണ്ട് യൂട്യൂബിൽ വീഡിയോ പങ്കുവെച്ചു. താമസത്തിനുള്ള ടെന്റടിക്കാൻ ഭർത്താവിനൊപ്പം സ്ഥലം അന്വേഷിക്കുന്നതിനിടെ കുറ്റവാളികളിൽ ഒരാളെ കണ്ടുമുട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ 59 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉണ്ട്.
ബൈക്ക് മാർഗം ബംഗ്ലാദേശില്‍നിന്ന് ബിഹാര്‍ വഴി നേപ്പാളിലേക്ക് പോകുന്നതിനിടെയായിരുന്നു ദമ്പതിമാര്‍ ആക്രമിക്കപ്പെട്ടത്. രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്. ഭർത്താവിനൊപ്പം ടെന്റിൽ ഉറങ്ങിക്കിടക്കുമ്പോൾ ഏഴുപേരടങ്ങുന്ന സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഭർത്താവിനെ മർദിച്ച് അവശനാക്കുകയും ചെയ്തു.
ദുരന്തകഥയുടെ അവസാനമെന്നോണമാണ് വീഡിയോ പങ്കുവെയ്ക്കുന്നതെന്നും മരണത്തെ അടുത്തുകണ്ട മൂന്നുമണിക്കൂറുകളിലൂടെയാണ് തങ്ങൾ അന്ന് കടന്നുപോയതെന്നും ദമ്പതികൾ യൂ ട്യൂബ് വീഡിയോയിൽ വിവരിക്കുന്നു. അക്രമികൾ തന്നെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി മർദ്ദിക്കുകയായിരുന്നു എന്ന് യുവതിയുടെ ഭർത്താവ് വീഡിയോയിൽ പറയുന്നു. ”എന്തുചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അക്രമികളിൽനിന്ന് അവളെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. അവൾ മരിച്ചെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ, സമീപത്തെ കുറ്റിക്കാട്ടിൽ അവളെ കണ്ടെത്തി. ആ നിമിഷം എനിക്കുണ്ടായ സന്തോഷം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ല”, അദ്ദേഹം പറഞ്ഞു.
”ചികിത്സതേടി ഒരു ആശുപത്രിയിലെത്തി. കുറച്ച് പരിശോധനകൾക്കുശേഷം കൊതുകുകൾ നിറഞ്ഞതും പൊട്ടിയ ജനാലകൾ ഉള്ളതുമായ ഒരു മുറിയിലേക്ക് ഞങ്ങൾ എത്തി. എന്താണ് സംഭവിക്കുന്നത് എന്നോ വിഷയം പോലീസ് ഗൗരത്തിലെടുക്കുമോ എന്നോ ഒന്നും അറിയില്ലായിരുന്നു. എന്തായാലും എല്ലാ കാര്യങ്ങളും റെക്കോർഡ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. നമ്മുടെ ജീവത പദ്ധതികളിൽ മാറ്റംവരുത്താൻ പാടില്ല. നിർഭാഗ്യങ്ങളെ എങ്ങനെ നേരിട്ട് മുന്നോട്ടുപോകണമെന്ന് നാം അറിഞ്ഞിരിക്കണം. ഞങ്ങളുടെ യാത്ര ഇവിടെ അവസാനിക്കില്ല, അത് തുടരും”, ദമ്പതികൾ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല