അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ ഇടക്കൊക്കെ ഖേദം തോന്നാറുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ധൃതി പിടിച്ചു വിരമിക്കരുതായിരുന്നു.രണ്ടു കൊല്ലം കൂടി അന്താരാഷ്ട്ര മത്സരങ്ങളില്‍ തുടരാമായിരുന്നെന്നും ദാദ പറഞ്ഞു
2008 ലാണ് ഗാംഗുലി അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്.
നാല്‍പ്പതാം പിറന്നാളിനോടനുബന്ധിച്ചു ഇന്നലെ ഒരു അഭിമുഖത്തിലാണ് ദാദയുടെ വീണ്ടുവിചാരം.
2008 ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ തീരെ മോശം ഫോമിലായിരുന്നു ഗാംഗുലി.പരമ്പരയിലെ ശരാശരി വെറും 16 .തുടര്‍ന്ന് ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഗാംഗുലിക്ക് ഇടം നല്‍കിയില്ല.ടെസ്റ്റ് ടീമില്‍ നിന്നു ഗാംഗുലിയെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങുന്നുവെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെട്ടു. പിന്നെ ദാദ കാത്തില്ല. ഒരു മാസത്തിനകം വിരമിക്കല്‍ പ്രഖ്യാപിച്ചു.
ലങ്കയിലെ പരാജയം,ഇറാനിയിലെ ഒഴിവാക്കപ്പെടല്‍……ഇതോടെ കളി ആസ്വദിക്കാന്‍ കഴിയാതായെന്നു ഗാംഗുലി.ക്രിക്കറ്റിനോടും എന്റെ കളിയോടും നേരിട്ട് ബന്ധമില്ലാത്ത ദിശയില്‍ ചിന്തകള്‍ പോയി.അങ്ങനെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അവര്‍ തോന്നുംപോലെ ചെയ്യട്ടെ ,ഞാന്‍ എന്റെ സമയം വരുന്നതും കാത്തിരിക്കാന്‍ തീരുമാനിച്ചാല്‍ മതിയായിരുന്നു-ഗാംഗുലിയുടെ വീണ്ടുവിചാരം.
113 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഗാംഗുലി അന്താരാഷ്ട്രകരിയര്‍ അവസാനിപ്പിച്ചെങ്കിലും ഐ പി എല്ലിലും ആഭ്യന്തര തലത്തിലും തുടര്‍ന്നു.പലപ്പോളും മികവും കാട്ടി.തന്റെ പുനെ വാരിയേര്‌സ് ഇത്തവണത്തെ ഐ പി എല്‍ സീസണില്‍ ഏറ്റവും പിന്നിലായപ്പോള്‍ ഗാംഗുലിയുടെ കളി തീര്‍ന്നെന്നു പ്രചരണം വ്യാപകമായിരുന്നു.എന്നാല്‍ ഇനിയും കളിക്കുന്നത് ഗാംഗുലി തള്ളിക്കളയുന്നില്ല.വാരിയേര്‌സുമായുള്ള ത്രി വര്‍ഷ കരാര്‍ തീരാന്‍ ഇനിയും ഒരുവര്‍ഷം കൂടിയുണ്ട്.
അടുത്ത സീസണിനു സമയമുണ്ടല്ലോ,കാത്തിരുന്നു കാണാം ദാദ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല