സ്വന്തം ലേഖകൻ: ഇസ്രായേലിൽ വിശാല സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ച് ഭരിക്കുമെന്ന് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നിഗാന്റ്സ്. സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ നെതന്യാഹു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് മണിക്കൂറുകള്‍ക്കകമാണ് ബെന്നി ഗാന്റ്സ് തീരുമാനം അറിയിച്ചത്.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ വിശാല ലിബറല്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് താന്‍ പ്രധാനമന്ത്രിയാവും എന്നാണ് ബെന്നി ഗാന്റസ് വ്യക്തമാക്കിയത്. ഇതോടുകൂടി നിലവിലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്.
120 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ പുനര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 97 ശതമാനം വോട്ടകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടിക്ക് 31 സീറ്റും ബ്ലൂ ആന്‍ഡ് വൈറ്റിന് 33 സീറ്റുമാണ് ലഭിച്ചത്. ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യത്തിന് നിലവില്‍ 56 സീറ്റുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ 61 സീറ്റാണ് ആവശ്യം. അവിഗ്‌ദോര്‍ ലീബര്‍മാന്റെ ‘ഇസ്രഈല്‍ ബെയ്തിനു പാര്‍ട്ടി’ക്ക് ഒന്‍പതു സീറ്റുകളുണ്ട്. ഈ സാഹചര്യത്തില്‍ ലീബര്‍മാന്റെ തീരുമാനം നിര്‍ണായകമാവും.
മതേതര ലിബറല്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ലീബര്‍മാന്റെ ആവശ്യം നെതന്യാഹുവിനെ തടയാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലീബര്‍മാന്റെ നിലപാട് ബെന്നി ഗാന്റ്സിന് അനുകൂല സാഹചര്യമൊരുക്കാനാണ് സാധ്യത. ലീബര്‍മാന്റെ തീരുമാനത്തിലാണ് ബെന്നിഗാന്റ്സിന്റെ പ്രതീക്ഷയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല