സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാവുന്ന ഇന്ത്യന്‍ ഗ്രാമം ശ്രദ്ധേയമാകുന്നു. ലിവിംഗ് ടുഗെദര്‍ എന്നും വാലന്റൈന്‍സ് ദിനം എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ ഉടനെ ആളുകളെ ബലമായി വിവാഹം കഴിപ്പിക്കാന്‍ നടക്കുന്നവരുള്ള ഇന്ത്യയില്‍ത്തന്നെയാണ് ഏതാണ്ട് ആയിരം വര്‍ഷമായി ലിവിംഗ് ടുഗെദര്‍ തുടര്‍ന്ന് പോരുന്ന ഗ്രാമമുള്ളത്.
രാജസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഗരേഷ്യ ഗോത്ര വര്ഗക്കാര്ക്കിടയിലാണ് വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും വര്‍ഷങ്ങളോളം ഒരുമിച്ച് താമസിക്കുന്ന പതിവുള്ളത്. ഗ്രാമവാസികളായ എഴുപതുകാരനും അറുപതുകാരിയും പതിറ്റാണ്ടുകള്‍ നീണ്ട സഹജീവിതത്തിനൊടുവില് മക്കള്‍ക്കൊപ്പമാണ് വിവാഹിതരായത്.
ഇത്തരം സംഭവങ്ങള്‍ ഇവിടുത്തുകാര്‍ക്ക് പുതുമയല്ല. ഗരേഷ്യ ഗോത്രത്തിന്റെ പരമ്പരാഗത രീതികള്‍ അനുസരിച്ച് പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ച് താമസിക്കുന്നതിന് തടസമില്ല. രാജസ്ഥാന് പുറമെ ഗുജറാത്തിലെ ചില പ്രദേശങ്ങളിലും ഈ ആചാരം നിലവിലുണ്ട്.
കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്കൊപ്പം പോകാനും സ്വാതന്ത്ര്യമുണ്ട്.
ഇങ്ങനെ പോകുന്ന ആണ്‍കുട്ടിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പണം നല്‍കണം. അതിന് ശേഷം ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാം. പിന്നീട് വിവാഹം കഴിച്ചാല്‍ മതിയാകും. സ്വതന്ത്രമായി ജീവിക്കുന്നതിനാല്‍ ഗരേഷ്യ വിഭാഗക്കാര്‍ക്കിടയില്‍ സ്ത്രീധന പീഡനങ്ങളോ ബലാത്സംഗമോ മറ്റ് കുറ്റകൃത്യങ്ങളോ ഉണ്ടാകാറില്ലെന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല