സ്വന്തം ലേഖകന്‍: കെനിയയിലെ ഗെറിസാ സര്‍വകലാശാലയില്‍ വെടിവപ്പ്. കിഴക്കന്‍ കെനിയയില്‍ സൊമാലിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ക്യാംപസിനുള്ളില്‍ കടന്ന് അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്കും ഒരു വിദ്യാര്‍ഥിക്കും പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഘത്തില്‍ എത്രപേരാണ് ഉള്ളതെന്നും വിദ്യാര്‍ഥികളാരെങ്കിലും ബന്ദിയാക്കപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. സര്‍വകലാശാലയില്‍ നിന്നും വെടിയൊച്ചയുടെയും സ്‌ഫോടനത്തിന്റെയും ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.
സുരക്ഷാ സൈന്യം സര്‍വകലാശാലയില്‍ എത്തിയിട്ടുണ്ട്. അതിക്രമിച്ചു കയറിയവരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനു പിന്നില്‍ സൊമാലിയയിലെ അല്‍ ഖായിദ ഭീകര സംഘടനയുമായി ബന്ധമുള്ള സൊമാലി അല്‍ ഷബാബ് ഭീകരര്‍ ആണെന്നാണ് പ്രാഥമിക നിഗമനം.
2011 മുതല്‍ കെനിയയുടെ പല ഭാഗങ്ങളിലായി ഒട്ടേറെ ഭീകരാക്രമണങ്ങള്‍ ഈ സംഘടന നടത്തിയിട്ടുണ്ട്. 2013 ല്‍ കെനിയയുടെ തലസ്ഥാനമായ നയ്‌റോബിയിലെ ഷോപ്പിങ് മാളില്‍ അല്‍ ഷബാബ് നടത്തിയ ആക്രമണത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല