സ്വന്തം ലേഖകന്‍: ബോസ്റ്റണ്‍ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടന പരമ്പര; ആറു പേര്‍ക്ക് പരിക്ക്; നൂറുകണക്കിന് പേരെ ഒഴിപ്പിക്കുന്നു. അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ വിവിധ ഇടങ്ങളിലുണ്ടായ സ്‌ഫോടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് വിവിധയിടങ്ങളില്‍ സ്‌ഫോടന പരമ്പരയുണ്ടായത്. മിക്കവാറും സ്‌ഫോടനങ്ങളുണ്ടായത് വീടുകളിലാണ്.
ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ പ്രദേശത്ത് 70 ഇടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. കൊളംബിയ ഗ്യാസ് കമ്പനിയുടെ വാതക പൈപ്പ്‌ലൈനിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 100 വീടുകളെങ്കിലും അഗ്‌നിക്കിരയായിട്ടുണ്ടെന്നാണ് കരുതുന്നത്. വാതക പൈപ്പ് ലൈനിലുണ്ടായ അമിത മര്‍ദ്ദമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.
സ്‌ഫോടനങ്ങളെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ തീ പടര്‍ന്നുപിടിച്ചു. ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. നിരവധി കെട്ടിടങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. ഒരു അഗ്‌നിരക്ഷാ സേനാംഗം അടക്കം ആറു പേര്‍ക്ക് സ്‌ഫോടനങ്ങളില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കുടുതല്‍ അപകടം ഒഴിവാക്കുന്നതിനായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വാതക വിതരണം നിര്‍ത്തുകയും ചെയ്തു.
കൊളംബിയ കമ്പനിയുടെ ഗ്യാസ് ഉപഭോക്താക്കള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വീടുവിട്ടു പോകണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നിട്ടുള്ളതായി സൂചനകളില്ലെന്നാണ് പ്രാഥമിക വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല