സ്വന്തം ലേഖകൻ: ഗാറ്റ്‌വിക്ക് എയർപോർട്ടിൽ യാത്രാദുരിതം പതിവാകുന്നു. മലയാളികൾ ഉൾപ്പടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ലണ്ടനിലെ പ്രധാന എയർപോർട്ടുകളിൽ ഒന്നാണ് ഗാറ്റ്‌വിക്ക് എയർപോർട്ട്. നാഷനല്‍ എയര്‍ ട്രാഫിക് സര്‍വ്വീസസ് സിസ്റ്റത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതാണ് മിക്കപ്പോഴും സർവീസുകളുടെ കാലതാമസത്തിന് ഇടയാക്കുന്നതെന്ന് എയർപോർട്ട് അധികൃതർ വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ യാത്രാദുരിതതിൽ ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് അധികൃതർ ഖേദം പ്രകടിപ്പിച്ചു. ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്‌നങ്ങള്‍ തുടങ്ങി പലവിധ കാരണങ്ങളുടെ പേരില്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ വിമാനയാത്ര മുടങ്ങുന്ന സംഭവങ്ങള്‍ പതിവാകുന്നുണ്ട്. ഏറ്റവും ഒടുവിൽ സാങ്കേതികപ്രശ്‌നമാണ് ഇക്കുറി ഗാറ്റ്‌വിക്കിൽ യാത്രക്കാര്‍ക്ക് ദുരിതം നേരിടാൻ കാരണമായത്.
കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനങ്ങളില്‍ കുടുങ്ങുന്ന അവസ്ഥ ഉണ്ടായെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന്പുറപ്പെട്ട വിമാനങ്ങള്‍ നിലത്തിറക്കുകയും യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം താമസം നേരിടുകയും ചെയ്തു. രാവിലെ 8 മണിക്ക് പുറപ്പെട്ട വിമാനങ്ങളിലാണ് യാത്രാദുരിതം ഉണ്ടായത്. വിമാനത്തില്‍ കയറിയ ശേഷം മണിക്കൂറുകളോളം യാത്രക്കാര്‍ കുടുങ്ങി.
മുൻപും ബ്രിട്ടനിലെ എയര്‍പോര്‍ട്ടുകളില്‍ ആയിരക്കണക്കിന് യാത്രക്കാർ ഇതേ രീതിയിൽ പ്രതിസന്ധിയിലായിരുന്നു. 15 ലക്ഷത്തില്‍ ഒന്ന് മാത്രമായ ടെക്‌നിക്കല്‍ പ്രശ്‌നമെന്നാണ് അന്ന് എന്‍എടിഎസ് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ റോള്‍ഫ് അവകാശപ്പെട്ടത്. വീണ്ടും സാങ്കേതികപ്രശ്‌നം നേരിട്ടതോടെ റോള്‍ഫ് സ്വയം രാജിവെയ്ക്കുകയോ യുകെ ഗവണ്‍മെന്റ് നീക്കം ചെയ്യുകയോ വേണമെന്ന് ‘റയാന്‍എയര്‍’ മേധാവി മൈക്കിള്‍ ഒലിയറി ആവശ്യപ്പെട്ടു. കൊച്ചിയിലേക്ക് നേരിട്ട് സർവീസുള്ള ഏക എയർപോർട്ടാണ് ലണ്ടനിലെ ഗാറ്റ്‌വിക്ക് എയർപോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല