സ്വന്തം ലേഖകന്‍: ‘കോലുമിട്ടായി’ യുടെ നിര്‍മാതാവും സംവിധായകനും പ്രതിഫലം നല്‍കാതെ പറ്റിച്ചതായി ബാലതാരം ഗൗരവ് മേനോന്‍, പ്രശ്‌നം ഗൗരവിന്റെ മാതാപിതാക്കളാണെന്ന് നിര്‍മാതാവും സംവിധായകനും. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ‘കോലുമിട്ടായി’ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഗൗരവ് വ്യക്തമാക്കിയത്. കുട്ടികളുടെ ചിത്രമായ കോലുട്ടായിയിയില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചത് ഗൗരവാണ്. ഏറ്റവും മികച്ച കുട്ടികളുടെ സിനിമക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു.
അരുണ്‍ വിശ്വം സംവിധാനം ചെയ്ത ‘കോലുമിട്ടായി’ ക്രയോണ്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഭിജിത് അശോകനാണ് നിര്‍മിച്ചത്. ‘ചിത്രത്തിന് മുന്‍പുളള കരാറില്‍ പ്രതിഫലമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. ഇതു പറ്റില്ലെന്നു പറഞ്ഞപ്പോള്‍ ഇപ്പോള്‍ കാശില്ലെന്നും സിനിമ പൂര്‍ത്തിയായതിനുശേഷം തരാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ചാണ് സിനിമയില്‍ അഭിനയിച്ചത്. മൂന്നു മാസത്തേക്കാണ് ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. ഇത് ആറു മാസത്തോളം നീണ്ടു. ഇതിനിടയില്‍ ക്ലാസുകളും ഒന്ന് രണ്ട് സിനിമകളും ഒഴിവാക്കേണ്ടി വന്നു’.
‘ചിത്രീകരണത്തിനുശേഷം പ്രതിഫലം ചോദിച്ചപ്പോള്‍ സാറ്റലൈറ്റ് അവകാശം ലഭിച്ചശേഷം നല്‍കാമെന്നു പറഞ്ഞു. എന്നാല്‍ സാറ്റലൈറ്റ് അവകാശം ലഭിച്ചശേഷം പണം നല്‍കാതിരിക്കാനായി ഈ വിവരം മറച്ചുവച്ചു. ഇതിനുശേഷം ഐജി വഴി സിറ്റി പൊലീസില്‍ പരാതി നല്‍കിയെങ്കിലും മതിയായ തെളിവുകളില്ലാത്തതിനാല്‍ ഒന്നും ചെയ്യാനായില്ല’. ഇത്തരം ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാവരുതെന്ന് ആഗ്രഹമുള്ളതിനാലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും ഗൗരവ് പറഞ്ഞു.
എന്നാല്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചുവെന്ന ബാലതാരം ഗൗരവ് മേനോന്റെ ആരോപണങ്ങളെ നിഷേധിച്ച ‘കോലുമിട്ടായി’യുടെ നിര്‍മാതാവ് അഭിജിത് അശോകനും സംവിധായകന്‍ അരുണ്‍ വിശ്വനും ഗൗരവിന്റെ ആരോപണങ്ങള്‍ക്കു പിന്നാല്‍ മാതാപിതാക്കളാണെന്നും പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ധാരണയുടെ പുറത്താണ് ഗൗരവിനെ ചിത്രത്തിലേക്ക് വിളിച്ചതെന്നും വ്യക്തമാക്കി.
‘കോലുമിട്ടായി’ വളരെ ചെറിയ സിനിമയാണ്. 25 വര്‍ഷമായി സിനിമയ്ക്കു പിന്നാലെ നടന്ന ഒരു കൂട്ടംപേരുടെ ആഗ്രഹത്തില്‍ പിറന്ന സിനിമയാണിത്. വലിയ മുതല്‍ മുടക്കിലുണ്ടായ സിനിമയല്ല. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ കൊണ്ടാണ് ചിത്രം പൂര്‍ത്തിയായത്. ബജറ്റില്ലാത്തതിനാല്‍ സെറ്റിലേക്കുളള മുഴുവന്‍ ഭക്ഷണവും തന്റെ വീട്ടില്‍ നിന്നാണ് കൊണ്ടുവന്നിരുന്നതെന്നും അഭിജിത് പറഞ്ഞു.
ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ലഭിച്ചതിനുശേഷം പണം നല്‍കാമെന്നു അവരോട് പറഞ്ഞിരുന്നു. പക്ഷേ വളരെ തുച്ഛമായ തുകയ്ക്കാണ് സാറ്റലൈറ്റ് അവകാശം വിറ്റുപോയത്. ചിത്രത്തിന്റെ മുതല്‍മുടക്കിന്റെ ചെറിയൊരു ഭാഗം പോലും ഇതില്‍നിന്നും കിട്ടിയില്ലെന്നും അഭിജിത് പറഞ്ഞു. ഗൗരവിന്റെ മാതാപിതാക്കള്‍ 5 ലക്ഷം രൂപയാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് സംവിധായകന്‍ അരുണ്‍ വിശ്വന്‍ പറഞ്ഞു. സിനിമയില്‍ അഭിനയിച്ച മറ്റു നാല് കുട്ടികളുമായാണ് ഇരുവരും വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല